പാർട്ടി നേതൃത്വം അറിയാതെ യോഗം ചേർന്നു; എൻസിപിയിൽ നടപടി, ഭാരവാഹിയോഗം വിളിച്ച് തോമസ് കെ തോമസ്

എൻസിപി പിളർപ്പിന്റെ വക്കിൽ എത്തിനിൽക്കുന്നതിനിടെ പാർട്ടി നേതൃത്വം അറിയാതെ യോഗം ചേർന്നതിൽ നടപടിയെടുക്കാൻ സംസ്ഥാന അധ്യക്ഷൻ തോമസ് കെ തോമസ്. ഈ മാസം 29 ന് സംസ്ഥാന ഭാരവാഹിയോഗം വിളിച്ചു. ഒരു വിഭാഗം പാർട്ടി പിളർത്താൻ ശ്രമിക്കുന്നത് കേന്ദ്രത്തെ ധരിപ്പിച്ചുവെന്ന് തോമസ് കെ തോമസ് ട്വന്റിഫോനോട് പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര കലാപം പിളർപ്പിന്റെ വക്കിൽ എത്തിനിൽക്കുകയാണ്.
ഇന്നലെ കൊച്ചി കലൂരിൽ പിസി ചാക്കോയെ അനുകൂലിക്കുന്നവർ യോഗം ചേരുകയും സംസ്ഥാന അധ്യക്ഷപദവിയിൽ നിന്ന് തോമസ് കെ തോമസിനെ മാറ്റണമെന്ന പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ തോമസ് കെ തോമസ് രംഗത്ത് വന്നു. പാർട്ടി നേതൃത്വം അറിയാതെയാണ് ഒരു വിഭാഗം യോഗം ചേർന്നത്. പങ്കെടുത്തവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തി കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് അദ്ദേഹം ട്വന്റിഫോനോട് പറഞ്ഞു .
ദേശീയ വർക്കിംഗ് പ്രസിഡണ്ടിന് സംസ്ഥാന നേതൃത്വം അറിയാതെയോഗം വിളിക്കാൻ അവകാശമില്ല. പ്രത്യേക സ്ഥാനമാനങ്ങൾ ലഭിക്കാത്തത് കൊണ്ട് ചിലർ തന്ത്രങ്ങൾ മെനയുന്നുവെന്നും തോമസ് കെ തോമസ് പറഞ്ഞു. ഈ മാസം 29ന് സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിക്കാനും നേതൃത്വം തീരുമാനിച്ചു. അതിനുള്ളിൽ കൂടുതൽ പേരുടെ പിന്തുണ ഉറപ്പിക്കാനാണ് പിസി ചാക്കോ വിഭാഗത്തിന്റെ നീക്കം. തുടർന്ന് കേന്ദ്ര നേതൃത്വത്തെ സമീപിക്കും



