
അടിമാലി : ദിവസവും നിരവധിയായ ആളുകൾ ചികിത്സ തേടിയെത്തുന്ന കേന്ദ്രമാണ് വെള്ളത്തൂവൽ കുടുംബാരോഗ്യ കേന്ദ്രം. മെച്ചപ്പെട്ട സേവനം രോഗികൾക്കിവിടെ നിന്നും ലഭ്യമായി വരുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ചികിത്സാലയം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് മുമ്പോട്ട് പോകുന്നത്. എന്നാൽ ഇവിടെ മതിയാം വിധം സ്ഥലസൗകര്യമില്ലാത്തത് ഈ ചികിത്സാ കേന്ദ്രത്തെ വീർപ്പ് മുട്ടിക്കുകയാണ്.കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുമെന്ന പ്രഖ്യാപനം മുമ്പ് ഉണ്ടായിരുന്നു.എന്നാൽ കെട്ടിടം നിർമ്മിക്കേണ്ടുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രതിസന്ധിയാണ് പുതിയ കെട്ടിട നിർമ്മാണത്തിന് വിലങ്ങുതടിയാകുന്നതെന്ന് വെള്ളത്തൂവൽ മുൻ ഗ്രാമപഞ്ചായത്തംഗം കെ ബി ജോൺസൻ പറഞ്ഞു.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ധാരണയിൽ എത്തേണ്ടുന്ന വകുപ്പുകൾ ഏറ്റവും വേഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം കൈ കൊള്ളണമെന്നാണാവശ്യം. സാധാരണക്കാരായ ആളുകൾ ചികിത്സ തേടുന്ന കേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കുന്ന കാര്യം ഇനിയും വൈകിപ്പിക്കരുതെന്നും ആവശ്യമുയരുന്നു.



