തൊടുപുഴയിലെ നഴ്‌സിന്റെ ജീവനൊടുക്കൽ ശ്രമം; മൂന്ന് ആശുപത്രി ജീവനക്കാർക്ക് എതിരെ കേസ്

തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ആശുപത്രി ജീവനക്കാർക്ക് എതിരെ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. തീവ്രചരണ വിഭാഗത്തിൽ കഴിയുന്ന നഴ്സിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ഫിലിപ്പ്, എമർജൻസി ഡിപ്പാർട്മെന്റ് സൂപ്പർവൈസർ നിഷ, സ്റ്റാഫ് നേഴ്സ് അൽഫോൻസാ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മൂന്നു പേരെയും ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ആശുപത്രിയിൽ കടന്നു കയറി പ്രതിഷേധിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. 15 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും 11 യുവമോർച്ച പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്.
യുഎന്‍എ യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജോലിക്കിടെയായിരുന്നു സംഭവം. മാനസിക പീഡനത്തെ തുടര്‍ന്നാണ് നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചീഫ് നഴ്സിങ് ഓഫീസര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ തുടര്‍ച്ചയായി മാനസിക പീഡനത്തിനിരയാക്കിയതായാണ് ഉയര്‍ന്ന ആരോപണം. ഇരുവര്‍ക്കുമെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നതായി ആശുപത്രിയിലെ ചില ജീവനക്കാര്‍ പറഞ്ഞിരുന്നു. ഇവരുടെ പീഡനത്തെ തുടര്‍ന്ന് പലര്‍ക്കും ജോലി നിര്‍ത്തിപോകേണ്ടിവന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ശമ്പളവുമായി ബന്ധപ്പെട്ടും ജോലി സമയം സംബന്ധിച്ചും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇക്കാര്യങ്ങള്‍ പല തവണ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു.


