KeralaLatest News

വന്യജീവി ആക്രമണങ്ങൾ; ‘വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം’; ഷിബു ബേബി ജോണിനെതിരെ പ്രതിപക്ഷ നേതാവ്

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനംമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തിൽ സംഭവിച്ചത്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ വിമർശനം.

വന്യജീവി ആക്രമണങ്ങൾക്ക് അറുതി വരുത്തുമെന്ന് വാഗ്ദാനം നൽകിയവർ ഇപ്പോൾ മലക്കം മറിയുമ്പോൾ പ്രശ്നബാധിതർ തീർത്തും അരക്ഷിതരാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണത്തിനായി സമഗ്ര കർമ്മ പദ്ധതികളാണ് എൽ ഡി എഫ് സർക്കാർ ആവിഷ്കരിച്ചിരുന്നത്. ആ പദ്ധതികൾ പകർത്തി പുതിയ മട്ടിൽ അവതരിപ്പിച്ചതല്ലാതെ നൂതനമായ യാതൊരു പരിഹാരമാർഗവും സർക്കാർ നിർദ്ദേശിക്കുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.

പ്രതിബദ്ധതയോടെയും ശാസ്‌ത്രീയ മാർഗങ്ങളിലൂടെയും നിതാന്ത ജാഗ്രതയിലൂടെയും ഈ വിഷയത്തിൽ ഇടപെട്ട് സംഘർഷം വലിയ തോതിൽ ലഘൂകരിക്കാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചിരുന്നു. അന്ന് കുറ്റം മുഴുവൻ സംസ്ഥാന സർക്കാരിൽ ചാർത്താൻ ശ്രമിച്ചവരാണ് ഇപ്പോൾ പുതിയ പ്രതിവിധികൾ ഒന്നുമില്ലെന്ന് പറഞ്ഞ് തടിതപ്പുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.

ഫെഡറൽ വ്യവസ്ഥയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വനമേഖലയിലെ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകാനാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരുകൾ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും, വനം ഭേദഗതി ബില്ലും കഴിഞ്ഞ സർക്കാർ പാസാക്കിയത്. എന്നാൽ ഗവർണർ ഈ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവയ്ക്കുകയും ഒടുവിൽ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു. കേന്ദ്ര നിയമങ്ങൾ പ്രതിബന്ധമാണെന്ന വനം മന്ത്രിയുടെ മുൻകൂർ ജാമ്യം യു ഡി എഫിൻ്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!