KeralaLatest NewsLocal news

അടിമാലി മണ്ണിടിച്ചിൽ :വീടും സ്ഥലവും വാടകയും നല്‍കാമെന്ന സര്‍ക്കാര്‍ വ്യവസ്ഥ ലംഘിക്കപ്പെട്ടു ;27 കുടുംബങ്ങള്‍ ദുരിതത്തില്‍

അടിമാലി : 2025 ഒക്ടോബര്‍ 25-നുണ്ടായ ഭീകരമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് സര്‍ക്കാരും ജില്ലാ കളക്ടറും ഇടപെട്ട് മാറ്റിപ്പാര്‍പ്പിച്ച അടിമാലി ലക്ഷംനഗറിലെ 27 കുടുംബങ്ങളാണ് ദുരിതക്കയത്തിലുള്ളത്.. കളക്ടറുടെ ഉത്തരവ് പ്രകാരം വാടകവീടുകളിലേക്ക് മാറിയ ഈ കുടുംബങ്ങള്‍ക്ക് മാസങ്ങളായി വാടക ലഭിക്കുന്നില്ല. സുരക്ഷിതമായ വീടും സ്ഥലവും വാടകയും നല്‍കാമെന്ന സര്‍ക്കാര്‍ വ്യവസ്ഥ ലംഘിക്കപ്പെട്ടതോടെ, വീണ്ടും ശക്തമായ സമരത്തിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍. മണ്ണിടിച്ചിലില്‍ പ്രദേശത്ത് ഒരാള്‍ മരണപ്പെടുകയും മരണപ്പെട്ടയാളുടെ ഭാര്യയുടെ ഒരു കാല്‍ മുറിച്ചുനീക്കേണ്ടി വരികയും ചെയ്തിരുന്നു.

തുടര്‍ന്ന് പ്രദേശം പൂര്‍ണ്ണമായും വാസയോഗ്യമല്ലാതായതോടെയാണ് കളക്ടറുടെ അടിയന്തര ഉത്തരവിലൂടെ 27 കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റിയത്. ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ലക്ഷംനഗറിനെ തകര്‍ത്തത്. സ്വന്തം മണ്ണില്‍ നിന്നും സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് തങ്ങള്‍ ഒഴിഞ്ഞുപോയത്. എന്നാല്‍ ഇപ്പോള്‍ വാടക നല്‍കാനോ, സ്ഥിരമായൊരു തലചായ്ക്കാന്‍ ഇടം നല്‍കാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

മുൻപ് വാടക മുടങ്ങിയപ്പോൾ സമരം ചെയ്താണ് വാടകകുടിശിക വാങ്ങിച്ചെടുത്തത്. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും വാടക കുടിശ്ശികയായിരിക്കുകയാണ്. വര്‍ഷകാലം ആരംഭിച്ചിട്ടും ദുരിതബാധിതരുടെ പുനരധിവാസ കാര്യത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ലക്ഷംനഗറിലെ ജനങ്ങള്‍ വീണ്ടും സമരവേദികളിലേക്ക് ഇറങ്ങാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!