പ്ലാസ്റ്റിക് കുപ്പികളും ക്യാരി ബാഗുകളും നിരോധിക്കാൻ ഒരുങ്ങി മൂന്നാർ ഗ്രാമ പഞ്ചായത്ത്: നടപടി ജൂലൈ 1 മുതൽ

മൂന്നാർ : മൂന്നാറിന്റെ വിവിധ മേഖലയിൽ വർദ്ധിച്ചു വരുന്ന മാലിന്യങ്ങൾക്ക് തടയിടാൻ മൂന്നാർ ഗ്രാമപഞ്ചായത്ത് . ജൂലൈ ഒന്നു മുതൽ 500 മില്ലി ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളും ക്യാരി ബാഗുകളും നിരോധിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ജൂലൈ ഒന്നിനുശേഷം വ്യാപാരസ്ഥാപനങ്ങൾ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിൽപ്പന നടത്തിയാൽ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാർ അറിയിച്ചു.
മൂന്നാറിലെ വിവിധ രാഷ്ട്രീയ കക്ഷികളും ഹോംസ്റ്റേ വ്യാപാരി വ്യവസായി സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം . മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ആരെങ്കിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ പഞ്ചായത്തിനെ അറിയിക്കുന്ന പക്ഷം ഈടാക്കുന്ന പിഴയുടെ 25 ശതമാനം പൊതുജനങ്ങൾക്ക് ലഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.



