പ്രിയദർശിനി പദ്ധതി : ഇടുക്കിയിൽ നൽകിയത് 14.13 ലക്ഷം രൂപയുടെ സീറോ ടിക്കറ്റ്

ഇടുക്കി : കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ ”പ്രിയദർശിനി”” സൗജന്യ യാത്രാ പദ്ധതിയുടെ സേവനം രണ്ട് ദിവസത്തിനിടെ ജില്ലയിൽ പ്രയോജനപ്പെടുത്തിയത് 51,952 വനിതകൾ. ആകെ 14,13,100 രൂപയുടെ ‘സീറോ” ടിക്കറ്റുകളാണ് വനിതായാത്രക്കാർക്ക് നൽകിയത്. 15, 16 തീയതികളിൽ സേവനം പ്രയോജനപ്പെടുത്തിയ സ്ത്രീകളുടെ കണക്കാണിത്. ഓരോ ദിവസവും യാത്രക്കാരുടെ എണ്ണവും ചെലവാകുന്ന തുകയും കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 15ന് 16,871 സ്ത്രീകൾ യാത്ര ചെയ്തതിൽ നിന്ന് 4,673,91 രൂപയുടെ സീറോ ടിക്കറ്റുകളും 16ന് 35,081 സ്ത്രീ യാത്രക്കാർക്കായി 9,457,09 രൂപയുടെ സീറോ ടിക്കറ്റുകളുമാണ് നൽകിയത്.
ഏറ്റവും കൂടുതൽ യാത്രക്കാർ സേവനം പ്രയോജനപ്പെടുത്തിയത് തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ്. രണ്ടു ദിവസങ്ങളിലായി 13717 സീറോടിക്കറ്റുകൾ നൽകി. എന്നാൽ ചെലവിൽ മൂന്നാർ ഡിപ്പോയാണ് മുന്നിൽ. 3,48,034 രൂപയുടെ സീറോ ടിക്കറ്റുകളാണ് നൽകിയത്. രണ്ട് ദിവസങ്ങളിലായി 13182 യാത്രക്കാരാണ് കയറിയത്. തൊടുപുഴയിൽ 3,47,858 രൂപയാണ് ടിക്കറ്റ് ചെലവ്. തൊടുപുഴയിൽ 25ഉം മൂന്നാറിൽ 29ഉം ഓർഡിനറി സർവീസുകളാണുള്ളത്. ഏറ്റവും കുറവ് യാത്രക്കാരുള്ളത് നാല് ബസുകൾ മാത്രം സർവീസ് നടത്തുന്ന ചെറുതോണി കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ്. 956 യാത്രക്കാർക്കായി 22784 രൂപയുടെ സീറോ ടിക്കറ്റുകളാണ് രണ്ട് ദിവസത്തിനിടെ ഇവിടെ നിന്ന് നൽകിയത്. രണ്ടു ദിവസങ്ങളിലായി ജില്ലയിലെ ഏഴു ഡിപ്പോകളിലും നിരവധി സ്ത്രീകളാണ് യാത്രക്കാരായെത്തിയത്.
ഫെയർസ്റ്റേജ്, ലിമിറ്റഡ് സ്റ്റോപ്പടക്കമുള്ള 118 ഓർഡിനറി ബസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. ആകെ സർവീസ് 209 ആണ്. സൗജന്യമുള്ള ബസുകൾ തിരിച്ചറിയാനായി എല്ലാ വാഹനങ്ങളിലും ‘പ്രിയദർശിനി” സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് സൗജന്യ യാത്രാസൗകര്യം.



