KeralaLatest News

സംസ്ഥാനത്തെ മഴക്കെടുതി: 8 പേര്‍ മരിച്ചു; പരുക്കേറ്റത് 13 പേര്‍ക്ക്; കാണാതായത് 8 പേരെ; തകര്‍ന്നത് 27 വീടുകള്‍

സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് എട്ട് പേര്‍ക്ക്. 13 പേര്‍ക്കാണ് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ പരുക്കേറ്റത്. എട്ടുപേരെ കാണാതായിട്ടുണ്ട്. മഴയിലും മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും 27 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 196 വീടുകള്‍ക്ക് ഭാഗിക കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 209 ക്യാമ്പുകളിലേക്കായി മാറ്റിയത് 5792 പേരെയാണ്.

ഇന്നലത്തെ ദുരിതപ്പെയ്ത്ത് അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ന് മഴയ്ക്ക് ആശ്വാസമുണ്ട്. മധ്യകേരളത്തില്‍ ഇന്നലെ വെള്ളപ്പൊക്കമുണ്ടായ പലയിടങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.

മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ജനപതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിക്കുന്നു.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാരും വകുപ്പും സജ്ജമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു. അടിയന്തര നടപടികള്‍ ഏകോപിക്കുന്നതിന് ജില്ല ജോയിന്റ് ഡയറക്ടര്‍മാരുടെ യോഗം ചേര്‍ന്നു . 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്വകാര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലുടനീളം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ സജ്ജമായി ഏകോപിപ്പിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!