
ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (28) ഞായറാഴ്ച രാവിലെ 8.00 മണിക്ക് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഗവണ്മെന്റ് ചീഫ് വിപ്പും, തൊടുപുഴ എം എല്‍ എ യുമായ അപു ജോണ്‍ ജോസഫ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷൈനി റജി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൊടുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ മുഖ്യാതിഥിയാകും.
ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് ദേശവ്യാപകമായി പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നടത്തുന്നത്. ഇടുക്കി ജില്ലയില്‍ അഞ്ചുവയസ്സിനു താഴെയുളള 53813 കുട്ടികള്‍ക്ക് ഓരോ ഡോസ് തുള്ളിമരുന്ന് പരിപാടിയുടെ ഭാഗമായി നല്കാന് ലക്ഷ്യമിടുന്നു.
സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ രാവിലെ 8.00 മുതല്‍ വൈകിട്ട് 5 വരെയാണ് ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്
1980കളില്‍ രാജ്യത്ത് പ്രതിവര്‍ഷം ഒന്നര ലക്ഷത്തിലധികം കുട്ടികള്‍ക്ക് അംഗവൈകല്യത്തിനു കാരണമായ പോളിയോ രോഗം, 1995 പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ആരംഭിച്ചതിനു ശേഷം ക്രമമായി കുറച്ചു കൊണ്ടുവന്ന് 2011 ന് ശേഷം ഭാരതത്തില്‍ നിന്ന് പോളിയോ വൈറസിനെ പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാന്‍ സാധിച്ചു. 2026 ജനുവരി 13 ന് ഭാരതം പോളിയോ വിമുക്തമായി 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. പോളിയോ രോഗം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ലോകം. പോളിയോ നിര്‍മ്മാര്‍ജന യജ്ഞത്തില്‍ ഏവരുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.



