
കഞ്ഞിക്കുഴി : കാട്ടാനശല്യം രൂക്ഷമായതോടെ സ്വന്തം കൃഷിയിടത്തിലെ വിളവ് പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല മേഖലയിലെ കർഷകർ. പ്ലാവുകളിൽ കായ്ച്ചുനിൽക്കുന്ന ചക്കകളാണ് കാട്ടാനകളെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടി, വീണ്ടും കാട്ടാനശല്യം ഒഴിവാക്കാൻ ലക്ഷങ്ങളുടെ നഷ്ടം സഹിച്ചും ചക്കകൾ തൊഴിലാളികളെ ഉപയോഗിച്ച് പറിച്ച് കൊക്കയിലേക്ക് എറിയുകയാണ് കർഷകർ.
കഴിഞ്ഞ ദിവസങ്ങളിൽ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാനകൾ പ്ലാവുകളിൽ നിന്നുള്ള ചക്കകൾ പറിച്ച് ഭക്ഷിക്കുകയും വ്യാപക നാശനഷ്ടം വരുത്തുകയും ചെയ്തതോടെയാണ് കർഷകർ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. മൂന്നേക്കറിലധികം വരുന്ന കൃഷിയിടത്തിലെ മുഴുവൻ ചക്കകളും ഇത്തരത്തിൽ നശിപ്പിക്കേണ്ടിവന്നതായി ഒരു കർഷക കുടുംബം പറയുന്നു. സ്വന്തം അധ്വാനത്തിന്റെ വിളവ് മനുഷ്യർ തന്നെ നശിപ്പിക്കേണ്ടിവരുന്ന ദുരവസ്ഥയാണിതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ ഏറെക്കാലം ചർച്ചയായിരുന്ന ‘ചക്കക്കൊമ്പൻ’ ഉൾപ്പെടെ കാട്ടാനകൾ ചക്കതേടിയാണ് പലപ്പോഴും ജനവാസമേഖലയിലേക്ക് എത്തിയിരുന്നതായി പ്രദേശവാസികൾ ഓർമ്മിപ്പിക്കുന്നു. സമീപ ദിവസങ്ങളിലും കാട്ടാനക്കൂട്ടങ്ങൾ കൃഷിയിടങ്ങളിലെത്തി ചക്കകൾ ഭക്ഷിക്കുകയും കർഷകർക്ക് ഭീഷണിയാകുകയും ചെയ്തതായി നാട്ടുകാർ പറയുന്നു.ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴും ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. കാട്ടാനകൾ എത്തുന്ന പ്രദേശങ്ങൾ അനധികൃത കൈയ്യേറ്റഭൂമിയാണെന്ന നിലപാടിന്റെ പേരിൽ പ്രശ്നത്തിന്റെ ഗൗരവം അവഗണിക്കുകയാണെന്നും അവർ ആരോപിക്കുന്നു. സ്വന്തം ഭൂമിയിൽ ജെ.സി.ബി. ഉപയോഗിച്ച് മണ്ണുമാറ്റാനോ സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനോപോലും അനുമതി നൽകിയിരുന്നില്ലെന്നും കർഷകർ പറയുന്നു.



