മൈക്രോ പ്ലാസ്റ്റിക്കിനെതിരെ നൂതന സംയുക്തം വികസിപ്പിച്ച അടിമാലി സ്വദേശിനിക്ക് പേറ്റൻ്റ്…

മൈക്രോ പ്ലാസ്റ്റിക്കിനെതിരെ നൂതന സംയുക്തം വികസിപ്പിച്ച അടിമാലി സ്വദേശിനിക്ക് പേറ്റൻ്റ്. ഡൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ എൽസി സേവ്യറാണ് പ്ലാസ്റ്റിക് വിഘടനവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഗവേഷണത്തിന് ഇന്ത്യൻ പേറ്റന്റ് നേടിയത്. സസ്തനികളുടെ രക്തത്തിലും വിവിധ അവയവങ്ങളിലും അടിഞ്ഞുകൂടിയിരിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകളെ നശിപ്പിക്കാൻ ശേഷിയുള്ള നൂതന സംയുക്തം വികസിപ്പിച്ചെടുത്തതിനാണ് അംഗീകാരം ലഭിച്ചത്. ഈ ഗവേഷണത്തിന് പേറ്റന്റ് കോ-ഓപ്പറേഷൻ ട്രീറ്റി പ്രകാരം അന്തർദേശീയ പേറ്റന്റ് സംരക്ഷണം ലഭിച്ചിട്ടുണ്ടെന്ന് എൽ സി സേവ്യർ പറഞ്ഞു .
മൈക്രോപ്ലാസ്റ്റിക് മലിനീകരണം മനുഷ്യാരോഗ്യത്തിനും പരിസ്ഥിതിക്കും ഉയർത്തുന്ന ഗുരുതരമായ വെല്ലുവിളികൾക്ക് ശാസ്ത്രീയമായ പരിഹാരമെന്ന നിലയിൽ ഈ ഗവേഷണം വിലയിരുത്തപ്പെടുന്നു. ഈ കണ്ടുപിടിത്തത്തിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചതിലൂടെ എൽസി സേവ്യറുടെ ഗവേഷണമികവിനും ശാസ്ത്രരംഗത്തേക്കുള്ള വിലപ്പെട്ട സംഭാവനയ്ക്കും ദേശീയതലത്തിൽ അംഗീകാരം ലഭിച്ചിരിക്കുകയാണ്.
എൽസി സേവ്യറുടെ ഈ നേട്ടം ശാസ്ത്ര-സാങ്കേതിക ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. അടിമാലി 200 ഏക്കർ സ്വദേശിയാണ് എൽസി . എയർ ഇൻഡ്യയിൽ എൻജിനീയറായ മുനിയറ പുതുശ്ശേരിൽ സോയി അഗസ്റ്റിനാണ് ഭർത്താവ്.



