വളർത്തുനായ്ക്കളുടെ ആക്രമണവും , അധിക ചുമതലയും : സെൻസസ് ഡ്യൂട്ടി അധ്യാപകർക്ക് ഇരട്ടി ഭാരമാകുന്നതായി പരാതി

മൂന്നാർ : മൂന്നാറിൽ സെൻസസ് വിവരശേഖരണത്തിനായി നിയോഗിക്കപ്പെട്ട അധ്യാപകരാണ് കടുത്ത ജോലിസമ്മർദ്ദം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. വീടുകൾ തോറും കയറിയിറങ്ങി വിവരങ്ങൾ ശേഖരിക്കുന്നതിനിടെ വളർത്തുനായ്ക്കളുടെ ആക്രമണ ഭീഷണി നേരിടേണ്ടിവരുന്നതായി എന്യൂമറേറ്റർമാർ പറയുന്നു. ചില വീടുകളിൽ നായ്ക്കളെ നിയന്ത്രിക്കാത്തതിനാൽ വിവരശേഖരണം പൂർത്തിയാക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നാണ് പരാതി.
സെൻസസ് ഡ്യൂട്ടിയുടെ ജോലിഭാരവും അധ്യാപകരെ വലയ്ക്കുകയാണ്. ഒരാൾക്ക് പരമാവധി 200 വീടുകളുടെ ചുമതലയെന്ന മാനദണ്ഡം നിലനിൽക്കുമ്പോഴും, ചിലർക്ക് 375 വീടുകളിൽ വരെ വിവരശേഖരണം നടത്തേണ്ടി വരുന്നുവെന്നാണ് ആരോപണം.രാവിലെ സ്കൂളിലെ അധ്യാപനവും വൈകുന്നേരങ്ങളിൽ സെൻസസ് ജോലിയും ഒരുമിച്ച് നിർവഹിക്കേണ്ട സാഹചര്യം വിദ്യാർത്ഥികളുടെ പഠന നിലവാരത്തെയും ബാധിക്കുന്നുവെന്നാണ് അധ്യാപകരുടെ വിലയിരുത്തൽ.
ഇതിനൊപ്പം സ്കൂൾ അധ്യാപനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത് വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കുന്നുവെന്നാണ് അധ്യാപകരുടെ വാദം. അടുത്ത ഘട്ട സെൻസസ് ഡ്യൂട്ടിയിൽ അധ്യാപകരെ ഒഴിവാക്കുകയോ, പകരം ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കുകയോ ചെയ്യണമെന്ന് എന്യൂമറേറ്റർമാർ ആവശ്യപ്പെടുന്നു.



