കയ്യേറ്റക്കാരെ ഒഴിപ്പിക്കും, അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കും: മന്ത്രി എ.പി അനില്‍ കുമാര്‍

അനര്‍ഹമായി ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍. അക്കാര്യത്തില്‍ ജനങ്ങളുടെ പിന്തുണയുണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുടയത്തൂരില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണ് ഇടുക്കി. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനായി കാത്തിരിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കണം. ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തുകൊടുക്കുന്ന കാര്യത്തില്‍ ഒരു വീഴ്ചയുമുണ്ടാവരുതെന്നാണ് സര്‍ക്കാരിന്റെ സമീപനം. അത് ജനങ്ങളുടെ അവകാശമാണെന്ന് മന്ത്രി പറഞ്ഞു.
റോയ് കെ. പൗലോസ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, റവന്യൂ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെ. ജീവന്‍ ബാബു, കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയന്‍, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ്, ജില്ലാപഞ്ചായത്ത് അംഗം സജി പി. ജോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ ചന്ദ്രശേഖരന്‍, കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം തസ്നി ടി.കെ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.



