
മൂന്നാർ പാമ്പൻമല എസ്റ്റേറ്റിൽ വീണ്ടും കടുവയുടെ ആക്രമണം. പാമ്പൻമല സ്വദേശി സെൽവത്തിന്റെ കന്നുകാലിയെയാണ് കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കന്നുകാലി രക്ഷപ്പെട്ടെങ്കിലും കഴുത്തിൽ ആഴത്തിലുള്ള പരിക്കേറ്റിട്ടുണ്ട്. പാമ്പൻമല മേഖലയിൽ നേരത്തെയും നിരവധി തവണ കന്നുകാലികൾക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായിരുന്നു. തുടർന്ന് വനവകുപ്പ് കൂടുവെച്ച് കടുവയെ പിടികൂടി മാറ്റിയെങ്കിലും പ്രദേശത്ത് വീണ്ടും കടുവശല്യം രൂക്ഷമായിരിക്കുകയാണ്.
തുടർച്ചയായ ആക്രമണങ്ങൾ പ്രദേശവാസികളിൽ ആശങ്കയും ഭീതിയും വർധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലും മൂന്നാർ മേഖലയിലെ വിവിധ എസ്റ്റേറ്റുകളിൽ കടുവയുടെ ആക്രമണത്തിൽ കന്നുകാലികൾ കൊല്ലപ്പെട്ടിരുന്നു. എത്രയും വേഗം വനം വകുപ്പ് ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



