KeralaLatest NewsLocal news

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് പൂര്‍ണ നിരോധനം: വിനോദ സഞ്ചാര വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ആശങ്ക നിലനില്‍ക്കുന്നതിനാലും വിനോദ സഞ്ചാരത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ വിനോദ സഞ്ചാരികള്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തരുത്. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും രാത്രിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, വാഗമണ്‍ വില്ലേജുകളിലേക്കുള്ള ടൂറിസ്റ്റ് വാഹനങ്ങളുടെ പ്രവേശനം നിരോധിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

തുടര്‍ച്ചയായ ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, പാറകള്‍ അടര്‍ന്നുവീഴല്‍, മരങ്ങള്‍ കടപുഴകിവീഴല്‍, റോഡുകളുടെ തകര്‍ച്ച തുടങ്ങിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്തും ജില്ല സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടസാധ്യത കണക്കിലെടുത്തും ജില്ലയിലെ ട്ടൂറിസ്റ്റ് വാഹനങ്ങളുടെ ഗതാഗതം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്ന സ്ഥിതി പരിഗണിച്ചുമാണ് തീരുമാനം.

പൊതുജനങ്ങളുടെയും വിനോദ സഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനുമായി ദുരന്തനിവാരണ നിയമ പ്രകാരമാണ് വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കളക്ടറുടെ ഉത്തരവ്.

മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, വാഗമണ്‍ വില്ലേജുകളിലെ പരിധിയില്‍ വരുന്ന എല്ലാ തരത്തിലുമുള്ള വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ഇവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. വിനോദസഞ്ചാര വാഹനങ്ങളുടെ പ്രവേശനം ദുരന്തനിവാരണ നിയമ പ്രകാരം കര്‍ശനമായി നിരോധിച്ചു.

അവശ്യസാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങള്‍, ആംബുലന്‍സുകള്‍, അഗ്‌നിരക്ഷാസേന, പോലീസ്, ദുരന്തനിവാരണ സേന, പൊതുജനോപകാര സേവന വാഹനങ്ങള്‍, സര്‍ക്കാര്‍ പ്രത്യേകമായി അനുമതി നല്‍കിയ വാഹനങ്ങള്‍ പി എസ് സി പരീക്ഷ എഴുതാനെത്തുന്നവരുടെ വാഹനങ്ങള്‍ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമല്ല.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ജീപ്പ് സഫാരി ഓപ്പറേറ്റര്‍മാര്‍, അഡ്വഞ്ചര്‍ ടൂറിസം സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഈ ഉത്തരവ് നിലവിലുള്ള കാലയളവില്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്.

മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, വാഗമണ്‍ വില്ലേജുകളിലെ എല്ലാവിധ ഓഫ് റോഡ് ജീപ്പ് സഫാരികളും താത്കാലികമായി നിരോധിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആവശ്യമായ ചെക്ക് പോസ്റ്റുകള്‍/ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹനഗതാഗതം നിയന്ത്രിക്കുകയും ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നതിന് ദേവികുളം സബ് കളക്ടര്‍,റവന്യൂ ഡിവിഷണല്‍ ആഫീസര്‍, ഇടുക്കി, ദേവികുളം, പീരുമേട് തഹസില്‍ദാര്‍, മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി , വാഗമണ്‍ വില്ലേജ് ഓഫീസര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവരെ ചുമതലപ്പെടുത്തി.

ഈ ഉത്തരവ് ഉടന്‍ നിലവില്‍ വരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രാബല്യത്തില്‍ തുടരും.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!