ബൈസൺവാലി പൂപ്പാറ റോഡിൽ കോമാളികുടിക്ക് സമീപമുള്ള കൊടും വളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

അടിമാലി :ബൈസൺവാലി പൂപ്പാറ റോഡിൽ കോമാളികുടിക്ക് സമീപമുള്ള കയറ്റത്തോടുകൂടിയ കൊടും വളവ് അപകട കെണിയായി മാറുന്നു. പോസ്റ്റ് ഓഫീസ്പ്പടി മുതൽ മൂന്ന് കിലോമീറ്റർ ഭാഗം കയറ്റത്തോടു കൂടിയ കൊടും വളവുകളാണ്. ഇവിടെ അപകടങ്ങൾ തുടർക്കഥയാവുകയാണ്. റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഈ ഭാഗത്ത് ഇന്നലെ തമിഴ്നാട്ടിൽ നിന്ന് എത്തിയ ചരക്ക് ലോറി മറയുകയും ഡ്രൈവർ അടക്കമുള്ള ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇതിനു മുൻപ് ഇതേ വളവിൽ തമിഴ്നാട്ടിൽ നിന്നും എത്തിയ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട മറഞ്ഞിരുന്നു. റോഡിന്റെ അലൈൻമെന്റ് മാറ്റം വരുത്തി അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് വാർഡ് മെമ്പർ അയ്യാസ്വാമി പറയുന്നത്.
ഇരുവശവും കുഴിയുള്ള റോഡിലെ ചില ഭാഗങ്ങളിൽ ബാരിക്കേടുകളും ഇല്ലാത്തത് അപകടങ്ങൾക്ക് വഴിവെക്കുന്നു. എത്രയും വേഗം ബന്ധപ്പെട്ട വകുപ്പുകൾ ഇടപ്പെട്ട് റോഡിന്റെ അപകടകരമായ വളവുകൾ നിവർത്തുന്നതിനും അപകട സാധ്യതയുള്ള മേഖലകളിൽ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



