CrimeKeralaLatest News

കൈപ്പമംഗലം അപകടം; ലോറി ഡ്രൈവർ പിടിയിൽ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

തൃശൂർ: കൈപ്പമംഗലത്ത് എട്ട് തമിഴ്‌നാട് സ്വദേശികളുടെ ദാരുണാന്ത്യത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവർ പൊലീസ് പിടിയിലായി. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെ ആണ് പിടിയിലായത്. കൈപ്പമംഗലം മൂന്നുപീടികയിൽ നാട്ടുകാർ സംശയാസ്പദമായി കണ്ടതോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ കൈപ്പമംഗലം പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

വെള്ളിയാഴ്ച അർധരാത്രി അപകടം നടന്നയുടനെ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.അപകടത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ശനിയാഴ്ച കൈപ്പമംഗലം മൂന്നുപീടികയിൽ ഇയാളെ നാട്ടുകാർ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. പ്രദേശത്ത് അപരിചിതനായ ഒരാളെ കണ്ടതോടെ നാട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും, തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് നേരത്തെ തന്നെ കയ്പമംഗലം പൊലീസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ച അർധരാത്രി 11.40ഓടെ ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം ഉണ്ടായത്. ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗതം വഴിതിരിച്ചുവിട്ടിരുന്ന ഭാഗത്ത്, യാതൊരു മുന്നറിയിപ്പുമില്ലാതെ അനധികൃതമായി നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ചരക്കുലോറിയുടെ പിന്നിലേക്ക് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!