വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പരിഹരിക്കാനാവില്ല, കൃത്യമായി നിയന്ത്രണ സമയം അറിയിക്കാനാവില്ല: മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി, സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. അടിയന്തരസാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് പവർക്കട്ട്. ചില നിയന്ത്രണങ്ങൾ വരുത്തുന്നത് കേരളമല്ല. 25 ശതമാനമാണ് കേരളത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ബാക്കി മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.
ആവശ്യമുള്ള വൈദ്യുതി ലഭ്യമാവാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്. സാഹചര്യം മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 12 മണി കഴിഞ്ഞും പീക്ക് സമയമായി കണക്കാക്കേണ്ടി വരുന്ന അവസ്ഥ. ജനങ്ങളുടെ പ്രയാസം സർക്കാർ മനസ്സിലാക്കുന്നു. അതിൽ ഖേദം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മനുഷ്യസാധ്യമായ എല്ലാം ചെയ്യും. സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ കഴിയില്ല. കൃത്യമായി നിയന്ത്രണ സമയം അറിയിക്കാൻ കഴിയില്ല. ഏകദേശം സമയം അറിയിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കും. ആര്യാടൻ മുഹമ്മദിന്റെ കാലത്തെ കരാർ, കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ സർക്കാർ എന്ത് ചെയ്യാനാണ്.
കോടതിവിധി അനുകൂലമാക്കാൻ മികച്ച അഭിഭാഷകനെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധി ഉണ്ടായത് അപ്രതീക്ഷിതമായി. വളരെ പെട്ടെന്നാണ് മഴയുടെ കുറവുണ്ടായത്. ഇടുക്കിക്ക് ശേഷം മേജർ ജലവൈദ്യുത പദ്ധതികൾ സംസ്ഥാനത്ത് തുടങ്ങിയിട്ടില്ല. ഇത് കാരണമാണ് വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തമാക്കാൻ സംസ്ഥാനത്തിന് ആകാത്തത്.
അതിരപ്പിള്ളി പദ്ധതി, താൻ ഒറ്റക്ക് തീരുമാനിക്കേണ്ടതല്ല. സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. നിയന്ത്രണ പ്രതിസന്ധി എത്രയും പെട്ടന്ന് തീർക്കാനാണ് ശ്രമം. കാലാവസ്ഥ അനുകൂലമായാൽ ഒക്ടോബറിൽ പ്രതിസന്ധി ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു



