
വെള്ളത്തൂവൽ : സഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജേഷ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊല്ലപ്പെട്ട അനിലിന്റെ മൃതദേഹം അടിമാലി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലായിരുന്നു. പോസ്റ്റ്മോർട്ടം നടന്നത്. പ്രതിയായ അനിലിന്റെ ജേഷ്ഠനെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് ആറരയോടെ നെല്ലിയാമ്പാറയിലെ തറവാട്ടു വീട്ടിലായിരുന്നു സംഭവം. വെള്ളത്തൂവല്‍ പഞ്ചായത്തിലെ തെക്കേ ശല്യംപാറയില്‍ പൈതപ്പാറയില് അനിലാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന് പ്രസാദനെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളത്തൂവല്‍ ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന പ്രസാദ്, അമ്മയെ കാണാനായി നെല്ലിയാമ്പാറയിലെ തറവാട്ടു വീട്ടിലെത്തിയിരുന്നു. മദ്യപിച്ചെത്തിയ പ്രസാദ്, അനുജന് അനിലിനോടൊപ്പം വീണ്ടും മദ്യപിച്ചു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും, തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ പ്രസാദ് കത്തിയെടുത്ത് അനിലിനെ കുത്തുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മയുണ്ടായിരുന്നു. മക്കള്‍ തമ്മിലുള്ള വഴക്കു കണ്ട് ഭയന്നുപോയ അമ്മ മുറിയില്‍ കയറി വാതിലടയ്ക്കുകയാണുണ്ടായത്. ഈ സമയം അനിലിന്റെ ഭാര്യയും കുട്ടിയും പുറത്തുപോയിരുന്നു. പിന്നീട് ഭാര്യ തിരിച്ചെത്തിയപ്പോഴാണ് അനില്‍ കുത്തേറ്റ് വീടിനുള്ളില്‍ കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയായ പ്രസാദിനെ കസ്റ്റഡിയിലെടുത്തു. നിരവധി മോഷണ, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ പ്രസാദ് എന്ന് പോലീസ് വ്യക്തമാക്കി. രണ്ടുമാസം മുന്‍പ് ബി.എസ്.എന്‍.എല്‍. കേബിളുകള്‍ മോഷ്ടിച്ചുവിറ്റ കേസില്‍ ജയിലിലായിരുന്ന ഇയാള്‍, അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. വെള്ളത്തൂവല്‍ പോലീസ് മേലന്വേഷണം നടത്തിവരുന്നു. അനിലിന്റെ ഭാര്യ: സൗമ്യ, മക്കള്‍: അദ്വൈത്, ആദിനാഥ്.



