CrimeKeralaLatest News

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ബെന്‍സ് കാര്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ ഇടുന്നതില്‍ വീഴ്ച വരുത്തിയ എറണാകുളം ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എസ്എച്ച്ഒയും എസ്‌ഐയും ഉള്‍പ്പെടെയുള്ള നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാം കുമാര്‍, ഗ്രേഡ് എസ്‌ഐ മനോജ്, സിപിഒ അരുണ്‍ജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലും ആവര്‍ത്തിച്ചതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. എഡിജിപി പി വിജയന്‍ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് ശക്തമായ നടപടിയുണ്ടാകുമെന്ന് വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

അതേസമയം, 17 കാരന്റെ ജാമ്യം റദ്ദാക്കാനാണ് പൊലീസ് നീക്കം. നരഹത്യ കുറ്റം ചുമത്തി കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഇയാള്‍ക്ക് ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് ചേരാനല്ലൂര്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ജഡ്ജിയുടെ മകനെ ജാമ്യത്തില്‍ വിട്ടയച്ചത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പൊലീസ് വാദം.

ഇന്നലെ കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ 17 കാരന്റെ പിതാവായ ജഡ്ജിയെ കമ്പനിപ്പടിയിലെ ഫ്‌ലാറ്റില്‍ എത്തി പൊലീസ് വിവരങ്ങള്‍ തേടി . തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ നിലപാട്. എന്നാല്‍ കോടതിയുടെ അനുമതി ഇല്ലാതെ തന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്താന്‍ കഴിയില്ല എന്നും ജഡ്ജി പൊലീസിനോട് പറഞ്ഞു . ഇതിന്റെ അടിസ്ഥാനത്തില്‍ അനുമതി വാങ്ങിയ ശേഷം ജഡ്ജിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തും. ഔദ്യോഗിക കാര്യത്തിനല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ എത്തിയത് ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഹൈക്കോടതി അച്ചടക്ക സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജിക്കെതിരെ നടപടിയെടുക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!