KeralaLatest News

70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ്. സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്ന് മാറ്റിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനം കൂടിയാണ് ഇത്തവണത്തേത്.

മഞ്ഞു മഴയും ഒളിച്ച് കളിക്കുന്ന പച്ചപുതച്ച് കിടക്കുന്ന മലനിരകൾ. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പൊന്നണിഞ്ഞ നെൽപ്പാടങ്ങൾ. കായൽപരപ്പുകളും അരുവികളും നീർച്ചാലുകളും. തെയ്യവും തോൽപ്പാവക്കൂത്തും കളരിയും മുതൽ കഥകളി വരെയുള്ള കലാരൂപങ്ങൾ. 1956 നവംബർ 1ന് ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം രൂപീകരിച്ചു.

പിന്നീടുണ്ടായത് ചരിത്രം. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകൾ. ഭൂപരിഷ്കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയ ആസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങൾ, തുടങ്ങി പ്രതീക്ഷയുടെ എത്രയെത്ര വിളക്കുമാടങ്ങൾ.രാജ്യത്ത് ആ​ദ്യമായി 100 ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി മാറി കേരളം. ആരോഗ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. വിനോദ സഞ്ചാര രം​ഗത്ത് വലിയ മുന്നേറ്റം.

കേരളത്തിന്റെ തനത് കലാരൂപങ്ങൾ വിദേശ രാജ്യങ്ങളിൽ പോലും ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടവും തെയ്യവും കളരിപ്പയറ്റും ​ഗോത്ര കലകളും ഉൾപ്പെടെ വൈവിധ്യമാർന്ന കലാരൂപങ്ങളിൽ വിദേശനാടുകളിൽ പോലും പഠനങ്ങൾ നടക്കുന്നു.അന്തസായി ജീവിക്കുന്നതിനും സാമ്പത്തിക ഭദ്രതയ്ക്കും ബിസിനസ് സു​ഗമമാക്കുന്നതിനും ഊന്നൽ നൽകിയുള്ള നവകേരള സൃഷ്ടി എന്ന ലക്ഷ്യത്തിലെത്താൻ വെല്ലുവിളികൾ ഏറെയുണ്ട്. സാമ്പത്തി പരിമിതകൾക്കിടിയിലും സാമൂഹിക പുരോ​ഗതിയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ശ്രമങ്ങൾ ഉണ്ടാകണം. വർ​ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം. മതേതര പാരമ്പര്യം ശക്തിപ്പെടുത്താനും ഭാഷയെയും സംസ്കാരത്തെയും നെഞ്ചോട് ചേർക്കാനും മലയാളികളായ നാം ജാ​ഗരൂകരാകണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!