
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിൽ രാജ്യം. തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. മൺചിരാതിൽ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ദീപങ്ങൾക്ക് നിറച്ചാർത്തൊരുക്കുന്ന ദിവസം. ദീപം കൊളുത്തി മധുരത്തിന് ഒപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്.
വടക്കേ ഇന്ത്യയിൽ പുതുവസ്ത്രവും മെഹന്തിയും മധുരവും ദീപാവലിക്ക് പകിട്ടേകുന്നു.ദീപാവലിയെക്കുറിച്ച് പല ഐതിഹ്യങ്ങളുണ്ട്. പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യയിലെത്തുന്ന ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയെന്നാണ് ഒരു കഥ. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും മറ്റൊരു കഥയും പറയുന്നു. കഥകൾക്ക് അപ്പുറം ഒരു ജനതയെ ഒറ്റ കുടക്കീഴിൽ എത്തിക്കുന്ന നന്മയുടെ വെളിച്ചം പരത്തുന്ന ഉത്സവമാണ് ദീപാവലി. ഏവർക്കും കേരള വൺ മലയാളത്തിന്റെ ദീപാവലി ആശംസകൾ



