മദ്യലഹരിയിൽ നടൻ സിദ്ധാർഥ് ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ചു; അപകടം നടന്നത് ഒരാഴ്ച്ച മുമ്പ്…

മദ്യ ലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് ലോട്ടറി തൊഴിലാളിയായ തങ്കരാജിൻ്റെ മരണം സംഭവിച്ചത്. കഴിഞ്ഞ 24 ന് വൈകീട്ടായിരുന്നു അപകടം. സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. രാത്രി എംസി റോഡിൽ നാട്ടകം കോളേജ് കവലയിലായിരുന്നു അപകടം. സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ അപകടമുണ്ടാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മദ്യലഹരിയിൽ കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ചോദ്യം ചെയ്ത നാട്ടുകാരുമായി സിദ്ധാർഥ് തർക്കിക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു. അപകടമുണ്ടാക്കിയ താരത്തിന്‍റെ കൈയും കാലും ബന്ധിച്ച ശേഷം ചിലർ റോഡിലൂടെ ഇയാളെ വലിക്കുന്നതും ദൃശ്യത്തിൽ കാണാം. എടാ എനിക്ക് ഒരു കുടുംബം ഉണ്ടെടാ എന്ന് ആവർത്തിച്ചു പറയുന്ന സിദ്ധാർഥിനെയും വിഡിയോയിൽ കാണാം. ആളുകൾ താരത്തോട് ഒരു അനുകമ്പയും കാട്ടിയില്ലെന്നാണ് സിദ്ധാർഥ് ഫാൻസിൻ്റെ അവകാശം.



