ദേവികുളം സിഗ്നല്‍ പോയിന്റ് മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള ഭാഗത്തെ വഴിയോരക്കടകള്‍ നീക്കി

മൂന്നാര്‍: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയോരത്ത് ദേവികുളം സിഗ്നല്‍ പോയിന്റ് മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള ഭാഗത്തെ വഴിയോരക്കടകള്‍ നീക്കി. മുപ്പത്തോളം കടകളാണ് ദേശിയപാതയോരത്തു നിന്നും നീക്കിയത്. രണ്ട് ദിവസങ്ങളിലായാണ് കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയോരത്ത് ദേവികുളം സിഗ്നല്‍ പോയിന്റ് മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള ഭാഗത്തെ വഴിയോരക്കടകള്‍ നീക്കിയത്. ഒഴിപ്പിക്കലിന്റെ ആദ്യ ദിവസം നടപടിക്കെതിരെ ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ദേവികുളം സബ് കളക്ടറുടെ നിര്‍ദ്ദേശാനുസരണം സ്‌പെഷ്യല്‍ തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. മുപ്പത്തോളം കടകളാണ് ദേശിയപാതയോരത്തു നിന്നും നീക്കിയത്. അടിമാലിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ സാഹചര്യത്തിലാണ് സിഗ്നല്‍ പോയിന്റ് മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെ അപകട മേഖലയില്‍ സ്ഥാപിച്ചിരുന്ന വഴിയോര കടകള്‍ നീക്കാന്‍ നടപടി സ്വീകരിച്ചത്. കടകള്‍ നീക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടതിനാല്‍ പ്രശ്‌നം രൂക്ഷമായില്ല.
തുടര്‍ന്ന് സ്ഥലത്തെത്തിയ സബ് കലക്ടര്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എല്ലാവര്‍ക്കും ഒഴിഞ്ഞുപോകാന്‍ ഒരു ദിവസത്തെ സമയം നല്‍കി. ഇതിന്‍ പ്രകാരം കടയുടമകള്‍ തന്നെ വഴിയോരവില്‍പ്പനശാലകള്‍ നീക്കുകയായിരുന്നു. നാളുകള്‍ക്ക് മുമ്പ് പള്ളിവാസല്‍ മുതല്‍ മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള വഴിയോരക്കടകള്‍ പൊളിച്ച് നീക്കിയിരുന്നു. വീണ്ടും വിവിധയിടങ്ങളില്‍ വഴിയോര വില്‍പ്പനശാലകള്‍ രൂപം കൊണ്ട് തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സിഗ്നല്‍ പോയിന്റ് മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള ഭാഗത്തെ കടകള്‍ക്ക് മേല്‍ നടപടി സ്വീകരിച്ചിട്ടുള്ളത്.



