KeralaLatest NewsLocal news

വേനല്‍ കനത്തതോടെ ഹൈറേഞ്ചിലെ ജലപാതങ്ങള്‍ ഒട്ടുമിക്കതും വരണ്ടുണങ്ങി

അടിമാലി: വേനല്‍ കനത്തതോടെ ഹൈറേഞ്ചിലെ ജലപാതങ്ങള്‍ ഒട്ടുമിക്കതും വരണ്ടുണങ്ങി. ചീയപ്പാറയും വാളറയും തുടങ്ങി പേരുകേട്ടതും പേരുകേള്‍ക്കാത്തതുമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ ഇടുക്കിയുടെ മുക്കിലും മൂലയിലുമുണ്ട്. ജലസമൃദ്ധമായ വെള്ളച്ചാട്ടങ്ങള്‍ ഇടുക്കിക്ക് നല്‍കുന്ന മനോഹാരിത വളരെ വലുതാണ്. എന്നാല്‍ വേനലിന്റെ കാഠിന്യം വര്‍ധിച്ചതോടെ ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളും ശോഷിച്ച് കഴിഞ്ഞു.

പേരിനു പോലുമൊരു അടയാളം ബാക്കി വയ്ക്കാതെയാണ് പലവെള്ളച്ചാട്ടങ്ങളും അപ്രത്യക്ഷമായിട്ടുള്ളത്. ഇടുക്കിയുടെ വിനോദ സഞ്ചാര മേഖലക്കിത് തിരിച്ചടിയാകുന്നുണ്ട്. ജലസമൃദ്ധിയുടെ ഓര്‍മ്മകളിലെത്തി വരണ്ട് കിടക്കുന്ന പാറയിടുക്കുകള്‍ കണ്ട് നിരാശരായി മടങ്ങുന്ന സഞ്ചാരികളെ ഒട്ടുമിക്കയിടങ്ങളിലും കാണാം. വെള്ളം പൂര്‍ണ്ണമായി വറ്റിവരണ്ട് സഞ്ചാരികള്‍ കൈയ്യൊഴിഞ്ഞതോടെ വെള്ളച്ചാട്ടങ്ങള്‍ക്കരികില്‍ കച്ചവടം നടത്തിയിരുന്ന വ്യാപാരികളും പ്രതിസന്ധിയിലായി. വരുമാനത്തില്‍ വലിയ കുറവ് സംഭവിച്ചതായി ഇവര്‍ പറയുന്നു.വഴിയോര വില്‍പ്പന നടത്തിയിരുന്ന ചിലര്‍ കച്ചവടം നിര്‍ത്തി മറ്റ് ജോലികള്‍ക്ക് പോയി കഴിഞ്ഞു.

ഇനിയും പൂര്‍ണ്ണമായി വരളാത്ത ചില വെള്ളച്ചാട്ടങ്ങളാണ് മലകയറിയെത്തുന്ന സഞ്ചാരികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാകുന്നത്. അതേ സമയം അയല്‍ ജില്ലകളെ അപേക്ഷിച്ച് പകല്‍ ചൂടിന് ഇടുക്കിയില്‍ കുറവുണ്ട്. രാത്രികാലത്ത് അന്തരീക്ഷ താപനില താഴുന്നത് ആശ്വാസകരമാണ്. ഇടുക്കിയിലേക്കിപ്പോഴും എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളില്‍ ഒന്നിതു തന്നെ. വേനല്‍ മഴക്കായുള്ള കാത്തിരിപ്പ് നീണ്ടാല്‍ പൂര്‍ണ്ണമായി വരളാത്ത വെള്ളച്ചാട്ടങ്ങളടക്കം കൂടുതല്‍ ശോഷിക്കുന്ന സ്ഥിതിയുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!