അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്സ് കേരള അടിമാലി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു
അടിമാലി: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്സ് കേരള ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്സ് കേരള അടിമാലി യൂണിറ്റ് പ്രസിഡന്റ് അനില്‍ പി ആറിന് നേരെ അടിമാലി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ അതിക്രമം നടത്തിയെന്നും മര്‍ദ്ദിച്ചുവെന്നും ആരോപിച്ചും ഇക്കാര്യത്തില്‍ പരാതി ഉയര്‍ന്നിട്ടും അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചുമായിരുന്നു സംഘടന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും അനിലിന് നീതി ലഭിക്കും വിധം ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് സംഘടനയുടെ ആരോപണം. എസ് എച്ച് ഒയെ മാറ്റി നിര്‍ത്തി സത്യസന്ധമായ അന്വേഷണം നടത്തി വകുപ്പ് തല നടപടി സ്വീകരിക്കും വരെ തുടര്‍ സമരവുമായി മുമ്പോട്ട് പോകാനാണ്സംഘടനയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടായിരുന്നു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടന്നത്. പ്രകടനമായെത്തിയ പ്രതിഷേധക്കാരെ സ്റ്റേഷന് കവാടത്തില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന സംഘടനാ സംസ്ഥാന പ്രസിഡന്റ് കെ ജി ഗോപകുമാര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കീഴിലുള്ള ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. പ്രതിഷേധ പരിപാടിക്ക് സംഘടനാ ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദന് നേതൃത്വം നല്കി. സംഘടനയുടെ ജില്ലാ ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.



