വീട്ടിൽ പ്രസവങ്ങൾ ഇപ്പോഴും! ഇടുക്കി ജില്ലയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 27 വീട്ടു പ്രസവങ്ങൾ

തൊടുപുഴ ∙ ജില്ലയിൽ കഴിഞ്ഞ വർഷം 27 വീട്ടു പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ്. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്ക് പ്രകാരമാണിത്. അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിങ് നൽകിയ വിവരാവകാശ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം ജനുവരിയിൽ വീട്ടു പ്രസവങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
2019-20 കാലയളവിൽ 27, 2020- 21ൽ 54, 2021- 22ൽ 47, 2022- 23ൽ 39, 2023- 24ൽ 25, 2024- 25ൽ 37 എന്നിങ്ങനെയാണ് മുൻ വർഷത്തെ ജില്ലയിലെ വീട്ടു പ്രസവ കണക്കുകൾ. കഴിഞ്ഞ വർഷം തദ്ദേശഭരണ വകുപ്പ് വീട്ടു പ്രസവങ്ങൾ നിരുത്സാഹപ്പെടുത്തുവാൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ നിർദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല ജില്ലയിലെ ആദിവാസി മേഖലയിൽ കൂടുതലായി വീട്ടു പ്രസവങ്ങൾ നടന്ന് വരുമ്പോഴും അത്തരം വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്തത് പരിശോധിക്കണമെന്നും കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടു.



