HealthKeralaLatest News

സംസ്ഥാനത്ത് കനത്ത ചൂട്; സെൽഫ് ലോക്ക്ഡൗൺ നിർദേശവുമായി മുഖ്യമന്ത്രി


സംസ്ഥാനത്ത് കനത്ത ചൂടും, ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിൽ
ജാഗ്രത നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സുരക്ഷ നിർദേശങ്ങളും കർശനമായി പാലിക്കണം പ്രതിസന്ധികൾ നേരിടാൻ സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശം നൽകി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ


സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.


ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം.

☀️ പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കോവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.

💧 വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

👕 വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ
കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.

👨‍👩‍👧‍👦 പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.

🛑 പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകൾക്കെതിരെ കനത്ത കരുതൽ വേണം.

🐕 മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം.

🛡️ സർക്കാർ സംവിധാനങ്ങൾ സജ്ജം: പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കുന്നതിനായി തൊഴിൽ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നൽകി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

🤝 തണ്ണീർപന്തലുകൾ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം.

ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക. പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച് മറികടക്കാം.

അതേസമയം, കനത്ത വേനല്‍ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ കുട്ടികളെ നിര്‍ബന്ധിച്ചു അംഗണവാടികള്‍ ഇരുത്തേണ്ടതില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. അങ്ങനെ അംഗനവാടികളില്‍ വരാതിരിക്കുന്ന കുട്ടികള്‍ക്ക് പോഷകാഹാരം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മുന്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാനും ഡിസിസി വൈസ് പ്രസിഡന്റുമായ അഡ്വ.എ സുരേഷ് കുമാര്‍ ബാലാവകാശ കമ്മീഷന്‍ ഇത് സംബന്ധിച്ച പരാതി കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു. തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് നല്‍കിയത്.

ഷീറ്റുപയോഗിച്ച് മേല്‍ക്കൂര നിര്‍മിച്ചിട്ടുള്ളതും വായു സഞ്ചാരമില്ലാത്തതുമായ അംഗനവാടികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കരുത്. ഉച്ചയ്ക്ക് പതിനൊന്നു മുതല്‍ വൈകിട്ട് മൂന്നു വരെയുള്ള സമയങ്ങളില്‍ കുട്ടികളെ പുറത്തു കളിക്കാന്‍ വിടരുത്. എല്ലാം അംഗന്‍വാടികളിലും കുടിവെള്ളം ലഭ്യത ഉറപ്പുവരുത്തണമെന്നും കുഞ്ഞുങ്ങള്‍ക്ക് ഇടയ്ക്കിടെ വെള്ളം നല്‍കണം. തീരുമാനങ്ങള്‍ 15 ദിവസത്തിനുള്ളില്‍ നടപ്പിലാക്കി വിവരം അറിയിക്കണമെന്ന് വനിതാ ശിശു വികസന ഡയറക്ടര്‍ക്കും തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!