CrimeKeralaLatest NewsLocal news

നെടുംകണ്ടം ഇരട്ടക്കൊലപാതകം; മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനത്തിലും വീണ്ടും അന്വേഷണം

ഇടുക്കി നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിന് പിന്നാലെ കൊല്ലപ്പെട്ട‌ മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനം വീണ്ടും അന്വേഷിക്കാനൊരുങ്ങി പൊലീസ്. 2018 ൽ സമാന സാഹചര്യത്തിലാണ് ഭർത്താവ് മാത്യുവിനെ കാണാതാകുന്നത്. അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന, മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കണ്ടെത്താൻ പൊലീസ് നാല് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

അമ്മയെയും സഹോദരനെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മേരിക്കുട്ടിയുടെ മകൾ സിനി നൽകിയ പരാതിയിലാണ് നെടുംകണ്ടം പൊലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ഇന്നലെ രാവിലെ പച്ചടിയിലുള്ള വീട്ടിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ മകന്‍ സജി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വീടിന് സമീപത്ത് മണ്ണിളകി കിടന്ന ഭാഗം സംശയം തോന്നി കുഴിച്ചു നോക്കിയപ്പോഴാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

ഈ മൃതദേഹങ്ങള്‍ കാണാതായ മേരിക്കുട്ടിയുടെയും മകന്‍ റെജിയുടേതുമെന്നാണ് സംശയം. ഫോറൻസിക് സംഘം നടത്തിയ വിശദമായ പരിശോധനയിൽ കൊല്ലപ്പെട്ടത് സ്ത്രീയും പുരുഷനുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. മേരിക്കുട്ടിയും റെജിയുമാണോയെന്ന് ഉറപ്പിക്കാൻ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. ഡിഎൻഎ പരിശോധനയും നടത്തും. സജി അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.

ഏപ്രിൽ 9 വരെ മേരിക്കുട്ടിയെയും മകൻ റെജിയെയും കണ്ടവരുണ്ട്. ഇതിന് ശേഷം സജി ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അതേസമയം, സജിയെ ഉടൻതന്നെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!