പൂപ്പാറ ഒഴിപ്പിക്കൽ : വീട് നഷ്ടപ്പെട്ട 15 കുടുംബങ്ങളെ 6 മാസത്തിനുള്ളിൽ പുനരധിവസിപ്പിക്കും

അടിമാലി : പൂപ്പാറയിൽ കുടിയൊഴിപ്പിച്ച ശേഷം പൊളിച്ചു വീടുകളുടെയും കടകളുടെയും അവശിഷ്ടങ്ങൾ നീക്കുന്നത് ഇന്നും തുടർന്നു. 29 വീടുകളും 3 ആരാധനാലയങ്ങളുമുൾപ്പെടെ 88 കെട്ടിടങ്ങളാണ് വ്യാഴാഴ്ച ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. പുഴ പുറമ്പോക്കിൽ അനധികൃതമായി നിർമിച്ച ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്നു 2023 ജനുവരിയിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2024- ഫെ്ബ്രുവരി 7നാണ് ഇ കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തത്. അന്ന് കടകൾ പൂട്ടി സീൽ ചെയ്തിരുന്നെങ്കിലും വീടുകളിലെ താമസിക്കാരെ ഒഴിപ്പിച്ചിരുന്നില്ല.
ഹൈക്കോടതി ഉത്തരവിനെതിരെ കെട്ടിട ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരി വച്ചു. ഇതോടെയാണ് സ്വയം ഒഴിഞ്ഞു പോകാനുള്ള സാവകാശം നൽകിയത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 29 വീടുകളും വ്യാഴാഴ്ച ഒഴിപ്പിച്ച ശേഷം പൊളുച്ചു നീക്കിയത്.
17 കുടുംബങ്ങൾക്കാണ് മറ്റൊരു സ്ഥലത്തും ഭൂമിയോ, വീടോ ഇല്ലാത്തത്. ഇതിൽ 2 കുടുംബങ്ങൾക്ക് നേരത്തെ ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിരുന്നു. വീട് നിർമാണം പൂർത്തിയായാൽ ഈ 2 കുടുംബങ്ങൾക്കും അവിടേക്ക് മാറി താമസിക്കാം. ബാക്കിയുള്ള 15 കുടുംബങ്ങളെയും 6 മാസത്തിനുള്ളിൽ പുനരധിവസിപ്പിക്കുമെന്ന് ശാന്തൻപാറ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
വീടില്ലാത്ത എല്ലാ കുടുംബങ്ങൾക്കും താൽക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഒരു വർഷത്തേക്ക് സ്വകാര്യ തേയില കമ്പനിയുടെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ഇവർക്ക് അനുവദിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനി ഈ ആവശ്യം നിരസിച്ചാൽ ജില്ലാ ഭരണകൂടം മറ്റ് മാർഗങ്ങൾ തേടും.



