KeralaLatest NewsLocal news

നിയമസഭ തെരഞ്ഞെടുപ്പ് :യു ഡി എഫിനെ ചേർത്ത് പിടിച്ച് എഫ് രാജക്ക് ഏറ്റവും അധികം കരുത്ത് പകർന്നത് അടിമാലി ഗ്രാമപഞ്ചായത്ത്

അടിമാലി :രണ്ട് പതിറ്റാണ്ടിനിപ്പുറം ഇടത്തു നിന്ന് വലത്തോട്ട് ചാഞ്ഞ ദേവികുളം മണ്ഡലത്തിൽ 12 പഞ്ചായത്തുകളിൽ 7 പഞ്ചായത്തും ഇത്തവണ യു ഡി എഫിനൊപ്പം നിന്നു. ദേവികുളം മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിൽ ഏഴിടത്ത് യു ഡി എഫിനാണ് വിജയം. മറയൂർ, മാങ്കുളം, മൂന്നാർ, പള്ളിവാസൽ, വെള്ളത്തൂവൽ,ബൈസൺവാലി, അടിമാലി പഞ്ചായത്തുകൾ യു ഡി എഫിനും എഫ് രാജക്കും തുണയായി.

മറയൂർ പഞ്ചായത്ത് 1094 വോട്ടിൻ്റെയും മൂന്നാർ 156 വോട്ടിൻ്റെയും മാങ്കുളം 458 വോട്ടിൻ്റെയും അടിമാലി 3206 വോട്ടിൻ്റെയും പള്ളിവാസൽ 285 വോട്ടിൻ്റെയും വെള്ളത്തൂവൽ 2002 വോട്ടിൻ്റെയും ബൈസൺവാലി 662 വോട്ടിൻ്റെയും ഭൂരിപക്ഷം യു ഡി എഫിന് നൽകി. യു ഡി എഫിനെ ചേർത്ത് പിടിച്ച് എഫ് രാജക്ക് ഏറ്റവും അധികം കരുത്ത് പകർന്നത് അടിമാലി ഗ്രാമപഞ്ചായത്താണ്. ദേവികുളം മണ്ഡലത്തിൽ ഏറ്റവും അധികം വോട്ടർമാരുള്ളതും അടിമാലി പഞ്ചായത്തിലാണ്.

കാന്തല്ലൂർ, ദേവികുളം, ഇടമലക്കുടി, വട്ടവട, ചിന്നക്കനാൽ പഞ്ചായത്തുകളിൽ അഡ്വ. എ രാജയും എൽ ഡി എഫും ലീഡ് ചെയ്തു. കാന്തല്ലൂർ 338, ദേവികുളം 1505, ഇടമലക്കുടി 89, വട്ടവട 247, ചിന്നക്കനാൽ 285 എന്നിങ്ങനെയായിരുന്നു ഈ പഞ്ചായത്തുകളിൽ എൽ ഡി എഫ് ലീഡ് നില. തോട്ടം മേഖലയിൽ എൽ ഡി എഫിന് പ്രതീക്ഷിച്ച നിലയിൽ ലീഡ് നേടാൻ കഴിയാതെ വന്നതും കാർഷിക മേഖല യു ഡി എഫിന് മെച്ചപ്പെട്ട ലീഡ് നൽകിയതും ഇടത്തോട്ട് ചാഞ്ഞ് നിന്നിരുന്ന മണ്ഡലം വലത്തോട്ട് ചായുന്നതിന് കാരണമായി.

ദേവികുളം നിയോജക മണ്ഡലത്തിൽ 112265 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്.ഇതിൽ 667 വോട്ടർമാർ നോട്ടയിൽ വിരലമർത്തി.130 വോട്ടുകൾ അസാധുവായി മാറി. സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയിൽ പോൾ ചെയ്തതിൻ്റെ 42. 31 ശതമാനം ആളുകൾ എൽ ഡി എഫിനെ പിന്തുണച്ചപ്പോൾ 31.79 ശതമാനം വോട്ടർമാർ യു ഡി എഫിനെ പിന്തുണച്ചു.24.70 ശതമാനം ആളുകൾ ഇടമലക്കുടിയിൽ എൻ ഡി എയും പിന്തുണച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!