പകർച്ചവ്യാധി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് മരണം; പനി ബാധിച്ച് ചികിത്സ തേടിയത് 12,191 പേർ

പകർച്ചവ്യാധി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് മരണം. ഷിഗെല്ല ബാധിച്ച് ഒരാളും ഡെങ്കി ബാധിച്ച് രണ്ടുപേരും വയറിളക്ക രോഗം ബാധിച്ച് ഒരാളും മരിച്ചു. ഇന്ന് 12,191 പേർ പനി ബാധിച്ച് ചികിത്സ തേടി. 12 പേർക്കാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരാൾക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. അതിനിടെ പ്രതിദിന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 100 കടന്നു. 105 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയിലെ നിപാ ബാധിതന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്.പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചിരുന്നു. മഴക്കാല പൂർവശുചീകരണത്തിലെ പോരായ്മകൾ കണക്കിലെടുത്താണ് തീരുമാനം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു.വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും.
ഷിഗെല്ല ഉൾപ്പെടെയുള്ള മറ്റ് പകർച്ചവ്യാധികൾ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകി. സംസ്ഥാനത്തെ പ്രതിദിന പകർച്ചപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി പന്ത്രണ്ടായിരത്തിനും പതിമൂവായിരത്തിനും മുകളിലാണ്



