KeralaLatest NewsLocal news

കമ്പംമെട്ട്‌ മലയോര പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ

കമ്പം :തമിഴ്‌നാട്ടിലെ തേനി ജില്ലയെ കേരളത്തിലെ ഇടുക്കി ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതകളിലൊന്നായ കമ്പംമെട്ട്‌ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 18 ഹെയർപിൻ വളവുകളുള്ള ഈ ചുരം പാതയിലെ ഡ്രെയിനേജ് നിർമ്മാണവും സംരക്ഷണ ഭിത്തികൾ കെട്ടുന്ന ജോലികളുമാണ് ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. നിലവിൽ പതിനെട്ടാം വളവിന് സമീപം വൻതോതിൽ തകർന്ന ഭാഗത്ത് പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനാലാണ് പാതയിൽ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെങ്കിലും, ഈ മാസം 18-ന് ശേഷമേ നിർമ്മാണം പൂർത്തിയാക്കി റോഡ് തുറന്നു നൽകുകയുള്ളൂ അധികൃതർ അറിയിച്ചു. റോഡ് അടച്ചിട്ടതോടെ നിത്യേന ഈ പാതയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും പൊതുജനങ്ങളും കടുത്ത യാത്രാദുരിതത്തിലാണ്. കമ്പം ഭാഗത്തുനിന്നും കേരളത്തിലേക്ക് പോകേണ്ട വാഹനങ്ങൾ നിലവിൽ കുമളി ഹിൽ റോഡ് വഴി തിരിഞ്ഞാണ് യാത്ര ചെയ്യുന്നത്.

കേരളത്തിലെ നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലെ ഏലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനായി തമിഴ്‌നാട്ടിൽ നിന്നും ദിവസേന എത്തുന്ന ആയിരക്കണക്കിന് തൊഴിലാളികളെയാണ് ഈ നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചത്. ദിവസേന ആയിരത്തിലധികം ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്.

നിലവിലെ യാത്രാക്ലേശം പരിഗണിച്ച്, പ്രഖ്യാപിച്ചതുപോലെ ഈ മാസം 18-നകം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് കേരളത്തിലെ തോട്ടം ഉടമകളും തമിഴ്‌നാട്ടിലെ പൊതുജനങ്ങളും ഒരേപോലെ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!