വ്യക്തികള്‍ വ്യത്യസ്തരാകുന്നത് വായനയിലൂടെ: മന്ത്രി അനൂപ് ജേക്കബ് വായന മാസാചരണത്തിന് സമാപനമായി

വായനയും വിജ്ഞാനവുമാണ് മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതെന്നും മനുഷ്യരെ വ്യത്യസ്തരാക്കുന്നതെന്നും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. വായന മാസാചരണത്തിന്റെ ജില്ലാതല സമാപനം തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമീണ വായനശാലകളെ ശക്തിപ്പെടുത്തുകയും അതുവഴി സമ്പൂര്‍ണ സാക്ഷരതയിലേക്ക് കേരളത്തെ നയിക്കുകയും ചെയ്ത പി.എന്‍ പണിക്കരുടെ സംഭാവനകള്‍ രാജ്യം മുഴുവന്‍ തിരിച്ചറിഞ്ഞ് ആദരിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍ നിന്ന് ലൈബ്രറികള്‍ക്ക് പുസ്തകം വാങ്ങാനുള്ള തുക ചെലവഴിക്കുമ്പോഴാണ് ഏറ്റവുമധികം സംതൃപ്തി ലഭിക്കാറുള്ളത്. അത് കാലാതിവര്‍ത്തികളായി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായിക്കുകയും വായന കഴിഞ്ഞ് എക്കാലവും സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യാവുന്ന അമൂല്യമായ ശേഖരമാണ് പുസ്തകങ്ങളെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു. പൊതുചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന അതിഥികള്‍ക്ക് മെമന്റോയും ഫലകങ്ങളും നല്‍കുന്ന ശീലം ഉപേക്ഷിച്ച് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കാന്‍ സംഘാടകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അങ്ങനെ കിട്ടുന്ന പുസ്തകങ്ങള്‍ സ്വയം വായിക്കാനും വായനയ്ക്ക് ശേഷം ലൈബ്രറികള്‍ക്ക് കൈമാറാനും കഴിയും.
വായന മാസാചരണത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം ചീഫ് വിപ്പ് നിര്‍വഹിച്ചു.
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഇടുക്കി ജില്ലാ വൈസ് ചെയര്‍മാന്‍ ജോസ് വഴുതനപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദ്, കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജന്നി കെ. അലക്‌സ്, ഫാ. ബെന്‍സണ്‍ എന്‍. ആന്റണി, ലൈബ്രേറിയന്‍ ലിസ് ജേക്കബ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ലാലു ചകനാല്‍, സെക്രട്ടറി നൈസി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് വായന മാസാചരണം സംഘടിപ്പിച്ചത്.



