Latest NewsLocal news

പട്ടികജാതി, പട്ടികവര്‍ഗ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: മന്ത്രി കെ.എ. തുളസിഫണ്ട് പാഴാക്കാന്‍ അനുവദിക്കില്ല

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ഇടുക്കി ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രവര്‍ത്തനത്തിലെ വീഴ്ച മൂലമോ ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവ് മൂലമോ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് നഷ്ടമാകുന്നത് അനുവദിക്കാനാകില്ല. വീട്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകാത്ത നിരവധി പേര്‍ ഇനിയും നാട്ടിലുണ്ട്. ഈ സാഹചര്യത്തിലും കോടിക്കണക്കിന് രൂപയുടെ വികസന ഫണ്ട് പാഴായിപ്പോകുന്നു. ഇത് ഒഴിവാക്കണം. വകുപ്പുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ അതു സംബന്ധിച്ച അവബോധം നല്‍കണം.
ഇതിനായി എസ് സി/എസ് ടി പ്രൊമോട്ടര്‍മാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം.  ആദിവാസി മേഖലകളില്‍ കുടിവെള്ളം ലഭ്യമല്ലാത്ത വീടുകളില്‍ ഉടന്‍ കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിചച്ചു. നെറ്റ് വര്‍ക്ക് സൗകര്യം ലഭ്യമല്ലാത്ത ഉന്നതികളില്‍ നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറും ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറും പട്ടികവര്‍ഗ മേഖലയിലെ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.  
മറയൂര്‍ പഞ്ചായത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ട്രൈബല്‍ മ്യൂസിയം കെട്ടിടം പട്ടികവര്‍ഗ വികസന വകുപ്പ് ഏറ്റെടുത്ത് മാതൃകാ പദ്ധതിയായി വികസിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.  ഇതിനായി സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുന്നത് ഉചിതമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി വിഭാഗങ്ങള്‍ കൂടുതലുള്ള അടിമാലിയില്‍ കൂടുതല്‍ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.

റോയ് കെ. പൗലോസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി. പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതികളും തദ്ദേശ സ്വയംഭരണ വകുപ്പ് വഴി നടപ്പാക്കുന്ന എസ് സി എസ് പി പദ്ധതികളും യോഗത്തില്‍ അവലോകനം ചെയ്തു. എസ് സി എസ് പി പദ്ധതി നടത്തിപ്പ് കാര്യക്ഷമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുവായ മാനദണ്ഡം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ പട്ടികജാതിക്കാരായ ഭൂരഹിത ഭവന രഹിതരുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പട്ടികജാതി ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
 പട്ടികജാതി വിഭാഗക്കാര്‍ക്കു നേരേയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം നഷ്ടപരിഹാരമായി ഈ വര്‍ഷം 20 പേര്‍ക്ക് 20 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.  

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ മാരായഎഫ്. രാജ, സേനാപതി വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, ജില്ലാകളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍
ഡി. ധര്‍മ്മലശ്രീ, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പെട്ടിമുടി മുതല്‍ ഇഡലിപ്പാറ വരെയുള്ള 1.35 കിലോമീറ്റര്‍ റോഡ് 45 ദിവസത്തിനകം പൂര്‍ത്തീകരിക്കണം

ഇടമലക്കുടിയിലെ റോഡ് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി കെ.എ. തുളസിയുടെ നിര്‍ദേശം. 45 ദിവസത്തിനകം റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.

വനം വകുപ്പ് മുഖേന നിര്‍മ്മിച്ച് നല്‍കിയ 58 വീടുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഈ വീടുകള്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കും. ഭക്ഷ്യധാന്യം സംഭരിക്കുന്നതിനുള്ള ഗോഡൗണിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കകം കെട്ടിടം നമ്പറിട്ട് സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് പ്രദേശത്തെ വൈദ്യുതീകരണ ജോലികള്‍ ഊര്‍ജിതമാക്കാനും നിര്‍ദേശിച്ചു. നിലവില്‍ ഇവിടെ ടവറുകളുണ്ടെങ്കിലും സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഭാഗികമായി മാത്രമേ കവറേജ് ലഭിക്കുന്നുള്ളൂ.  

വൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി. കെഎസ്ഇബിയുടെ കേബിളുകള്‍ തകരാറിലായതുമായി ബന്ധപ്പെട്ട പരിശോധന ഏകോപിപ്പിക്കാന്‍ അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തി. കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജലജീവന്‍ മിഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!