
അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടിയിലെ വിദേശ വിനോദ സഞ്ചാരികളെയടക്കം ആകർഷിക്കുന്നതിന് സമഗ്രമായ ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കാൻ 50 കോടിയുടെ പദ്ധതി തയ്യാറാക്കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് ബോട്ടിങും ഇക്കോ ടൂറിസം പരിപാടികളും കണ്ട് മടങ്ങുന്നതിന് പകരമായി പുതുതായി എന്ത് നൽകാമെന്നതിൽനിന്ന് ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് കോടികൾ മുടക്കി പദ്ധതി ഒരുക്കാൻ വനംവകുപ്പ് തയ്യാറാകുന്നത്.
കുമളി ടൗണിനോടുചേർന്നാണ് നാലുകോടി രൂപ മുടക്കിൽ വനംവകുപ്പ് ടൈഗർ മ്യൂസിയത്തിന്റെ നിർമാണ പ്രവൃത്തികൾ നടത്തിയത്. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും വർഷങ്ങളായി അനാഥമായി കിടക്കുകയാണ് കെട്ടിടം. പെരിയാർ കടുവ സങ്കേതത്തിലെത്തുന്ന സഞ്ചാരികൾക്ക് കടുവ സംരക്ഷണത്തിന്റെ പ്രാധാന്യവും കടുവയുടെ ജീവിതരീതികളുമെല്ലാം പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തിക്കുന്നതിനുമുമ്പ് മുൻകൈയെടുത്ത ഉദ്യോഗസ്ഥർ സ്ഥലംമാറിപ്പോയതോടെ പദ്ധതി നിലച്ചു. അനന്തമായ ടൂറിസംസാധ്യതകളുള്ള ഈ പദ്ധതി യാഥാർഥ്യമായാൽ വനംവകുപ്പിനും തേക്കടി ടൂറിസത്തിനും മുതൽക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് 20 കോടി മുടക്കി ടൈഗർ മ്യൂസിയം യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്.
പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിൽ തേക്കടി ബോട്ട് ലാൻഡിങ്ങിലടക്കം വിവിധ നിർമാണ പ്രവൃത്തികൾക്കായി 30 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. സോളാർ ബോട്ട് അടക്കം തടാകത്തിൽ എത്തിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പടെ വനംവകുപ്പിന്റെ പരിഗണനയിലുണ്ട്. കൂടാതെ, ട്രെക്കിങ് ഉൾപ്പടെയുള്ള ഇക്കോ ടൂറിസം പരിപാടികൾ കൂടുതൽ വിപുലമാക്കും.
വനവിഭവങ്ങളാൽ സമൃദ്ധമാണ് തേക്കടി. സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മഞ്ഞൾ കൃഷിയുടെയും തേനിന്റെയും കയറ്റുമതി സാധ്യതകൾ പരിഗണനയിലാണ്.
വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്നവർക്ക് കൈത്താങ്ങാകുന്ന പദ്ധതികൾ നടപ്പാക്കും.
മത്സ്യസമ്പത്ത് ഏറെയുള്ള തേക്കടി തടാകത്തിലെ മീനുകളെ പിടിച്ച് ഉപജീവനം നടത്തുന്നവർക്ക് സഹായകമാകുന്ന പദ്ധതികളും പരിണിക്കുന്നുണ്ട്. ആനവച്ചാൽ പാർക്കിങ്, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവ സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



