8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ കൊലപാതകം; നാല് പതിറ്റാണ്ടായി ഒളിവിൽ; സുകുമാര കുറുപ്പിന്റെ ജീവിതം

നാല് പതിറ്റാണ്ടായി സംസ്ഥാന കുറ്റാന്വേഷണ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ചാക്കോ വധവും സുകുമാര കുറുപ്പിന്റെ ഒളിവ് ജീവിതവും. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ എൻ ജെ ചാക്കോ എന്ന യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച ശേഷം സുകുമാരക്കുറുപ്പ് രാജ്യം വിടുകയായിരുന്നു. മറ്റ് നാല് പ്രതികളും പിടിയിലായിട്ടും സുകുമാരക്കുറുപ്പ് എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.1984 ജനുവരി 21നാണ് മാവേലിക്കരയ്ക്കടുത്ത് കുന്നത്ത് സുകുമാര കുറുപ്പിന്റെ കറുത്ത അംബാസഡർ കാറിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
കുറുപ്പ് അപകടത്തിൽ മരിച്ചെന്ന് എല്ലാവരും കരുതി. എന്നാൽ, മരിച്ചത് എൻ.ജെ ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. വിദേശത്തു നിന്നുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാര കുറുപ്പ് തയാറാക്കിയ മരണനാടകമായിരുന്നു ആ കൊടുംക്രൂരത. കരുവാറ്റയിലെ തിയേറ്ററിൽ നിന്ന് രാത്രി മടങ്ങുമ്പോൾ കുറുപ്പിന്റെ കാറിൽ ലിഫ്റ്റ് ചോദിച്ചു കയറിയ ചാക്കോയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യാസഹോദരീ ഭർത്താവ് ഭാസ്‌കരപിള്ള, ഡ്രൈവർ പൊന്നപ്പൻ, ഗൾഫിലെ സഹപ്രവർത്തകൻ ചാവക്കാട് സ്വദേശി ഷാഹു എന്നിവരെ ഒപ്പം ചേർത്തായിരുന്നു കുറുപ്പ് ആ ക്രൂരകൃത്യം ചെയ്തത്. സ്വത്ത് തട്ടിയെടുക്കാൻ താനാണ് കുറുപ്പിനെ കൊന്നതെന്നു ഭാസ്‌കരപിള്ള മൊഴി നൽകി. പക്ഷേ, പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിൽ എല്ലാം ഏറ്റുപറഞ്ഞു. ആ സമയത്ത് കുറുപ്പ് ആലുവയിലെ ലോഡ്ജിൽ ഒളിച്ചു കഴിയുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.
കൂട്ടാളികൾ കുടുങ്ങിയതറിഞ്ഞതോടെ സുകുമാര കുറുപ്പ് രാജ്യം വിട്ടുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പലയിടങ്ങളിലും കുറുപ്പിനെ കണ്ടുവെന്ന് അറിയിച്ച് നിരവധി പേർ പൊലീസിന് വിവരം നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല. ഇതോടെ സുകുമാര കുറുപ്പ് പിടികിട്ടാ പുള്ളിയായി. എൺപതുകളിൽ കൊൽക്കത്തയിൽ വെച്ച് സുകുമാരക്കുറുപ്പിനെ കണ്ടു എന്നവകാശപ്പെട്ട് കേരളാ പൊലീസിന് കത്തയച്ച ഹരിപ്പാട് കാർത്തികപ്പള്ളി സ്വദേശിയായ നഴ്സ് രത്നമ്മയായിരുന്നു പൊലീസിന്റെ ഏക പിടിവള്ളി. ഗുരുതര ഹൃദ്രോഗ ചികിത്സയ്ക്ക് 80കളിൽ ചികിത്സ തേടിയ സുകുമാര കുറുപ്പ് ജീവിച്ചിരിക്കാൻ ഇടയില്ലെന്നു ചൂണ്ടിക്കാട്ടി കേസ് അന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ് ഇപ്പോൾ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്



