
മൂന്നാർ: കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ കല്ലാറിന് സമീപം മണ്ണിടിച്ചിൽ. കല്ലും മണ്ണും റോഡിലേക്ക് പതിച്ചതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.അപകടസമയത്ത് വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് നേരത്തെയും മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു. ഇതിന്റെ ഭാഗമായി റോഡിൽ വീണ മണ്ണും കല്ലും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് വ്യാപകമായി മഴ പെയ്തിരുന്നു. തുടർച്ചയായ മഴ മണ്ണിടിച്ചിൽ സാധ്യത വർധിപ്പിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.
മണ്ണും കല്ലും റോഡിലേക്ക് പതിച്ചതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. സുരക്ഷാ നടപടികളുടെ ഭാഗമായി ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. റോഡിലെ തടസ്സങ്ങൾ നീക്കി യാത്ര സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കൂ



