പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം: കുഞ്ഞിന്റെ ദേഹത്താകെ മുറിവുകള്‍; അസം സ്വദേശിയായ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

എറണാകുളം പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ്. അസം സ്വദേശിയായ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തില്‍ നിന്ന് വീണാണ് മകന് പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ ദേഹത്ത് ചതവുകളും രക്തം കട്ടപിടിച്ച പാടുകളും കണ്ടെത്തി. ( Death of three-year-old in Perumbavoor suspected to be murder)ബുധനാഴ്ച കുഞ്ഞിനെ പുറത്ത് കണ്ടിട്ടില്ലെന്നാണ് സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയത്.
കുട്ടി വീണു എന്ന് പറഞ്ഞുകൊണ്ട് രാവിലെ കുഞ്ഞിനെ തോളിലിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശേഷം ആശുപത്രിയിലേക്കുള്ള വഴിക്ക് വച്ച് തന്നെ കുഞ്ഞ് മരണപ്പെട്ടതായി രണ്ടാനച്ഛന്‍ സമീപവാസികളോട് പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തിലും മറ്റും നാട്ടുകാര്‍ക്ക് സംശയം തോന്നുകയും ഇത് പൊലീസിനെ അറിയിക്കുകയും ചെയ്തു. കുഞ്ഞിനെ ഇയാള്‍ ഇതിന് മുമ്പ് ഉപദ്രവിച്ചതിന് നിരവധി സാക്ഷികളുണ്ട്.
കുഞ്ഞ് മുകള്‍ നിലയില്‍ നിന്ന് താഴേക്ക് വീണെന്നും എന്നാല്‍ ആ സമയത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും പിന്നീട് കുഞ്ഞ് തന്നെ വയ്യെന്ന് പറഞ്ഞയുടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് രണ്ടാനച്ഛന്‍ പറഞ്ഞത്. എന്നാല്‍ ഇയാളുടെ മൊഴിയില്‍ പല പൊരുത്തക്കേടുകളുമുണ്ടെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. കുഞ്ഞിന്റെ ദേഹത്ത് കണ്ട മുറിവുകള്‍ക്ക് എത്ര ദിവസത്തെ പഴക്കമുണ്ടെന്ന് ഉള്‍പ്പെടെ വിദഗ്ധര്‍ പരിശോധിച്ച് വരികയാണ്. രണ്ടാനച്ഛനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും



