KeralaLatest NewsLocal news

അടിമാലി മലയിടിച്ചില്‍: ദേശീയപാതാ അതോറിറ്റിയുടെ പിഴവെന്ന് പരാതി; വിദഗ്ധ സംഘം അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

അടിമാലി: ദേശീയപാതാ അതോറിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അപാകതകളുടെ ഫലമായി അടിമാലിയില്‍ മലയിടിഞ്ഞ് ഒരാള്‍ മരിച്ചതായി ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് വിദഗ്ധസംഘം സമഗ്ര അന്വേഷണം നടത്തണമെന്ന് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.

ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹസാഡ് അനലിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരടങ്ങുന്ന വിദഗ്ധസംഘത്തെ ജില്ലാ കളക്ടര്‍ നിയോഗിക്കണമെന്ന് നിര്‍ദേശം നല്‍കി. ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടര്‍ ഉള്‍പ്പെടെ സംഘം അപകടസ്ഥലവും ഭീഷണി നേരിടുന്ന പ്രദേശങ്ങളും സന്ദര്‍ശിക്കണം.
നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പിഴവുണ്ടോയെന്ന് വ്യക്തമായി വിലയിരുത്തി, ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മരിച്ചയാളുടെ കുടുംബത്തിന് ആശ്വാസധനവും പരിക്കേറ്റവര്‍ക്ക് ധനസഹായവും അനുവദിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍ പരിശോധിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.

അപകടമേഖലയിലുള്ള ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കണം. വിദഗ്ധസംഘം സമര്‍പ്പിക്കുന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഒരു മാസത്തിനുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം. എന്‍.എച്ച്.എ.ഐ. പ്രോജക്റ്റ് ഡയറക്ടര്‍ പ്രത്യേക റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ദേശീയപാതാ വിഭാഗം ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എന്‍.എച്ച്.എ.ഐ. പ്രോജക്റ്റ് ഡയറക്ടര്‍ എന്നിവര്‍ ഡിസംബറില്‍ തൊടുപുഴ റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!