കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടില്‍ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

മൂന്നാര്‍: കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടില്‍ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്. മൂന്നാറില്‍ ജനവാസ മേഖലകളില്‍ സ്ഥിരസാന്നിധ്യമായ കാട്ടുകൊമ്പന്‍ പടയപ്പ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മദപ്പാടിലാണ്. മദപ്പാടിലുള്ള കാട്ടാന പരാക്രമം തുടരുന്ന സാഹചര്യത്തിലാണ് ആളുകളോട് ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശം വനംവകുപ്പ് നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം മറയൂര്‍, മൂന്നാര്‍ റോഡില്‍ ഇറങ്ങിയ കാട്ടാന വിനോദ സഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് നേരെ പരാക്രമം നടത്തുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. ആന മദപ്പാടിലായ ശേഷം ഇത്തരത്തില്‍ ജനവാസ മേഖലയില്‍ ഇറങ്ങുകയും പരാക്രമം നടത്തി പലവിധത്തിലുള്ള നാശ നഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ ദേവികുളം റോഡിലായിരുന്നു കാട്ടാന ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ ദിവസം ആന മൂന്നാര്‍ മറയൂര്‍ റോഡിലേക്കെത്തി. ആനയെ കണ്ടാല്‍ അടുത്തേക്ക് പോകരുതെന്നും പ്രകോപനമുണ്ടാക്കരുതെന്നും വനംവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. മദപ്പാടിലുള്ള കാട്ടാനയെ വനംവകുപ്പുദ്യോഗസ്ഥരും ആര്‍ ആര്‍ റ്റിയും നിരീക്ഷിച്ച് വരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷവും മദപ്പാട് കാലയളവില്‍ കാട്ടാന സമാനരീതിയില്‍ പരാക്രമവും നാശനഷ്ടവും വരുത്തിയിരുന്നു. മദപ്പാടിലുള്ള കാട്ടുകൊമ്പന്‍ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ സ്വരൈ്യവിഹാരം നടത്തുന്നതും പ്രതിസന്ധിയായിട്ടുണ്ട്.



