KeralaLatest NewsLocal news

വേനല്‍ക്കനക്കുന്നതോടെ ഹൈറേഞ്ചിലെ കര്‍ഷകരുടെ ആശങ്കയും വര്‍ധിക്കുന്നു

അടിമാലി: വേനല്‍ക്കനക്കുന്നതോടെ ഹൈറേഞ്ചിലെ കര്‍ഷകരുടെ ആശങ്കയും വര്‍ധിക്കുന്നു. ഹൈറേഞ്ചില്‍ മഴ മാറി വേനല്‍ക്കാലമാരംഭിച്ചിട്ട് ഒന്നരമാസം പിന്നിടുകയാണ്. ഡിസംബര്‍ അവസാന വാരമായിരുന്നു മഴ ലഭിച്ചത്. വേനല്‍ കനത്ത് തുടങ്ങിയതോടെ ഹൈറേഞ്ചില്‍ കര്‍ഷകരുടെ ആശങ്കയും വര്‍ധിച്ചു. 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലുണ്ടായ കനത്ത വേനലില്‍ ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖല പാടെ കരിഞ്ഞുണങ്ങിയിരുന്നു.

ഏലം കര്‍ഷകരെയായിരുന്നു വേനല്‍ കൂടുതല്‍ പ്രതികൂലമായി ബാധിച്ചത്. ഏലച്ചെടികള്‍ ഒന്ന് പോലുമില്ലാതെ ഉണങ്ങി നശിച്ച തോട്ടങ്ങള്‍ ഹൈറേഞ്ചിലുണ്ടായി. ഇത് കഴിഞ്ഞ വര്‍ഷത്തെ ഏലക്കാ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. മറയൂരില്‍ കരിമ്പ് കൃഷിയും പച്ചക്കറികളും 2024ലെ കനത്ത വേനലില്‍ ഉണങ്ങി നശിച്ചിരുന്നു. ദിവസങ്ങളോളം മഴ പെയ്യാതെ മാറി നിന്നതാണ് കര്‍ഷകര്‍ക്ക് വിനയായത്. ഇത്തവണ മഴ മാറി വേനല്‍ കനത്ത് തുടങ്ങിയതോടെ കര്‍ഷകരുടെ മനസ്സില്‍ ആശങ്കയാണ്.

പുഴകളിലും അരുവികളിലുമൊക്കെ ജലനിരപ്പ് താഴ്ന്ന് കഴിഞ്ഞു. ജലസേചനത്തിനുള്ള വഴിയടഞ്ഞതായിരുന്നു 2024ല്‍ നഷ്ടക്കണക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. മുന്‍ കരുതലായി ഇത്തവണ ഏലം കര്‍ഷകര്‍ കൂടുതല്‍ പടുതാക്കുളങ്ങള്‍ തീര്‍ത്ത് വെള്ളം ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലശ്രോതസുകളിലും ജല ലഭ്യതയുടെ അളവ് കുറഞ്ഞു.

വേനല്‍ മഴ പെയ്യുന്നത് വൈകിയാല്‍ ജില്ലയുടെ കാര്‍ഷിക മേഖല കൂടുതല്‍ പരുങ്ങലിലാകും. അന്തരീക്ഷ താപനില വലിയ തോതില്‍ ഉയര്‍ന്നാല്‍ കാര്‍ഷിക മേഖല കൂടുതല്‍ കരിഞ്ഞുണങ്ങും. വേനല്‍ കൂടുതല്‍ കനക്കും മുമ്പെ നേരിയ അളവിലെങ്കിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!