പശ്ചിമേഷ്യയിലെ യുദ്ധം; കാര്‍ഷിക രംഗത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

അടിമാലി: പശ്ചിമേഷ്യയില്‍ യുദ്ധം നീണ്ടു നില്‍ക്കുന്നത് കാര്‍ഷിക രംഗത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലേക്ക് വേണ്ട കീടനാശിനികളുടേയും രാസവളങ്ങളുടേയും വിലയില്‍ വലിയ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇവയുടെ ഉത്പാദനത്തിന് കാലതാമസം നേരിടുമെന്നുമാണ് കാര്‍ഷിക മേഖലയുമായിബ ന്ധപ്പെട്ട് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ക്രോപ്പ് ലൈഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗ തടസപ്പെട്ടതോടെ മറ്റു പല റൂട്ടുകളെയും ആശ്രയിച്ചാണ് കീടനാശിനികളും രാസ വസ്തുക്കളും എത്തിക്കുന്നത്. ഇതിനായി കൂടുതല്‍ സാമ്പത്തിക ചെലവ് വേണ്ടി വരും. കൂടാതെ ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി കൂടുതല്‍ സമയവും വേണ്ടി വരും. കേരളത്തിലെ കര്‍ഷകരെ ഉള്‍പ്പെടെ ഇത് ഏറെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉത്പാദന ചെലവ് 20 മുതല്‍ 25 ശതമാനം വരെ വര്‍ധിക്കാനാണ് സാധ്യത. കമ്പനികള്‍ക്ക് അധികമായി വരുന്ന ചെലവ് ഉത്പന്നത്തില്‍ നിന്നാവും ഈടാക്കുക.
രാസവളങ്ങളുടെ വിലയില്‍ നിലവില്‍ത്തന്നെ വലിയ തോതിലുള്ള വര്‍ധനയാണ് ഉള്ളത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് പല രാസവസ്തുക്കളുടേയും കീടനാശിനികളുടേയും ഉത്പാദനത്തിന് തടസമുണ്ടാക്കും. ഇത് ചെറുകിട ഇടത്തരം വ്യാപാരസ്ഥാപനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്ന് ക്രോപ്പ് ലൈഫ് ഇന്ത്യയുടെ ചെയര്‍മാന്‍ അങ്കൂര്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കയിരുന്നു. നിലവിലെ തടസം തുടര്‍ന്നാല്‍ ഇന്ത്യയില്‍ സള്‍ഫറിന് ക്ഷാമം നേരിട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.



