KeralaLatest NewsLocal news

വേനല്‍ കനത്തതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവി ശല്യം വര്‍ധിക്കുന്നു

മൂന്നാര്‍: മുന്‍വര്‍ഷങ്ങളിലെന്ന പോലെ ഇത്തവണയും മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവി ശല്യം വര്‍ധിച്ച് വരികയാണ്. വേനല്‍ കനത്ത് വനത്തിനുള്ളില്‍ തീറ്റയും വെള്ളവും കുറഞ്ഞതോടെയാണ് കാട്ടാനയടക്കമുള്ള മൃഗങ്ങള്‍ കാടിറങ്ങി ജനവാസ മേഖലകളിലേക്കെത്തുന്നത്. മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാനകളാണ് കൂടുതലായി ആശങ്ക പരത്തുന്നത്.

പടയപ്പയും ഒറ്റകൊമ്പനുമൊക്കെ പകല്‍ സമയത്ത് പോലും ജനവാസ മേഖലകളിലൂടെ ചുറ്റിത്തിരിയുന്ന സ്ഥിതിയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പകല്‍ കാട്ടുപോത്ത് മറയൂര്‍ ടൗണില്‍ ഇറങ്ങിയത് ആളുകളില്‍ പരിഭ്രാന്തി പരത്തിയിരുന്നു. രണ്ട് പേര്‍ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നാര്‍ ഉദുമല്‍ പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ സ്ഥിരമായെന്നോണം കാട്ടാനകളുടെ സാന്നിധ്യമുണ്ടാകുന്നത് വാഹനയാത്രികരെ വലക്കുന്നുണ്ട്. കാര്‍ഷിക മേഖലയിലും കാട്ടാനകള്‍ കൃഷി നാശം വരുത്തുന്ന സ്ഥിതിയുണ്ട്.

കാട്ടാനക്കും കാട്ടുപന്നിക്കും കാട്ടുപോത്തിനുമൊപ്പം വേനല്‍ കനത്തതോടെ വലിയ തോതില്‍ കുരങ്ങുകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി നാശം വരുത്തുന്നതും കര്‍ഷകര്‍ക്ക് വിനയാകുന്നുണ്ട്. ഇതിനോടകം ഈ വേനല്‍ക്കാലത്ത് വന്യജീവിയാക്രമണത്തില്‍ മൂന്നാര്‍ മേഖലയില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ വന്യജീവി ശല്യം രൂക്ഷമാകുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!