
അടിമാലി:ചെറുനാരങ്ങക്ക് വിപണിയിൽ വില കുതിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുനാരങ്ങായുടെ വിലയിൽ ഇരട്ടിയിലധികം വർധനവാണ് ഉണ്ടായത്. നിലവിൽ 200 രൂപയാണ് പലയിടങ്ങളിലും ചെറുനാരങ്ങായുടെ ചില്ലറവിൽപ്പന വില. നൂറ് രൂപക്കും താഴെയായിരുന്നു ഒരു മാസം മുമ്പു വരെ ചെറു നാരങ്ങായുടെ ചില്ലറ വിൽപ്പന വില. അവിടെ നിന്നാണ് ഏതാനും ദിവസങ്ങൾ കൊണ്ട് ചെറുനാരങ്ങ വിലയിപ്പോൾ 200ലേക്ക് എത്തിയിട്ടുള്ളത്.

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ പൊതുവെ ചെറുനാരങ്ങായുടെ ആവശ്യകത വർധിക്കുന്ന കാലയളവാണ്. ആവശ്യകത വർധിച്ചതും ലഭ്യതയും ഉത്പാദനവും കുറഞ്ഞതും ചെറുനാരങ്ങായുടെ വില വർധനവിന് കാരണമായി വ്യാപാരികൾ ചൂണ്ടികാണിക്കുന്നു.

തമിഴ്നാടടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായി ചെറുനാരങ്ങ കേരളത്തിലേക്കെത്തുന്നത്. ചെറുനാരങ്ങാ വില വർധിച്ചതോടെ നാരങ്ങാ വെള്ളത്തിനും ബേക്കറി, ഹോട്ടൽ ഉടമകൾ വില വർധിപ്പിച്ചു. മുപ്പത് രൂപ വരെ ചിലയിടങ്ങളിൽ നാരങ്ങാ വെള്ളത്തിന് വില ഈടാക്കുന്നുണ്ട്.ഇത് സാധാരണകാർക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. അച്ചാറടക്കം നാരങ്ങാ ഉപയോഗിച്ചുള്ള അടുക്കളയിലെ പാചകവും ചെറുനാരങ്ങാ വില വർധനവിലൂടെ ചിലവേറിയതായി മാറി. അടുത്ത ഒരു മാസം കൂടി ചെറുനാരങ്ങയുടെ ഉയർന്ന വില തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ. മഴക്കാലം എത്തുന്നതോടെ ചെറുനാരങ്ങ വിലയിൽ ഇടിവ് സംഭവിക്കും.



