KeralaLatest NewsLocal news

കുറത്തിക്കുടിയിലേക്കുള്ള ബസ് സര്‍വ്വീസ്; വനംവകുപ്പ് മയപ്പെടുന്നു

അടിമാലി: ആദിവാസി ഉന്നതിയായ കുറത്തിക്കുടിയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍കൈ എടുത്ത കോതമംഗലം കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് എതിരെയുള്ള നടപടിയില്‍ നിന്ന് വനം വകുപ്പ് പിന്തിരിയുന്നു. കുറത്തിയിലേക്ക് ഒരു മാസം മുന്‍പ് ആരംഭിച്ച കെഎസ്ആര്‍ടിസി ബസ് സര്‍വീസിന് അനുമതി നല്‍കിയ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥനെതിരെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇന്നലെ കോതമംഗലം കെഎസ്ആര്‍ടിസി ഓഫിസില്‍ എത്തുമെന്ന് അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

ഈ കത്തിലെ വിവരങ്ങള്‍ പുറത്തായതോടെ വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ആദിവാസി ഉന്നതിയിലെ ജനങ്ങളടക്കം ബഹുജന പ്രതിഷേധത്തിന് രൂപം നല്‍കിയേക്കുമെന്ന സാഹചര്യം രൂപം കൊണ്ടു. എന്നാല്‍ ഈ വിഷയത്തില്‍ വനംവകുപ്പിപ്പോള്‍ മയപ്പെടുന്നതായാണ് സൂചന. ഇന്നലെ കോതമംഗലം കെഎസ്ആര്‍ടിസി ഓഫീസില്‍ എത്തിയ വനംവകുപ്പ് അധികൃതര്‍, മുമ്പ്് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് പേരിനുമാത്രമാണെന്ന് അറിയിച്ചതായാണ് വിവരം.

കഴിഞ്ഞ 25ന് റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലെ റിപ്പോര്‍ട്ട് മൂന്നാര്‍ ഡിഎഫ്ഒക്ക് കൈമാറുമെന്നും കുത്തിക്കുടിയിലേക്ക് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിക്കുന്നതിന് ഡിഎഫ്ഒയെ രേഖാമൂലം അറിയിക്കണമെന്ന നിര്‍ദേശവും വനംവകുപ്പ് നല്‍കിയതായാണ് വിവരം. കേസെടുത്ത വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കുറത്തിയിലേക്ക് അനുവദിച്ച സര്‍വീസ് പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ആലോചന നടത്തിയിരുന്നു.

കേസെടുത്ത വനംവകുപ്പിന്റെ നടപടിക്കെതിരെ ഉന്നതിയിലെ ജനങ്ങള്‍ അടിമാലി റേഞ്ച് ഓഫിസിന് മുന്നില്‍ റിലേ സത്യഗ്രഹ സമരം നടത്തുന്നതിനും ആലോചന നടത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ക്ക് പിന്നാലെയാണ് വിഷയത്തില്‍ വനംവകുപ്പ് മയപ്പെട്ടിട്ടുള്ളതെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!