കാഴ്ച്ചയുടെ ധാരാളിത്തമൊരുക്കുന്ന ബോഡിമെട്ട് ബോഡിനായ്ക്കന്നൂര്‍ റോഡ്, അപകട സാധ്യതയും അത്രത്തോളം
അടിമാലി: ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ വാല്‍പ്പാറ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തുടരെ തുടരെയുള്ള ഹെയര്‍പിന്‍ വളവുകള്‍ താണ്ടിയുള്ള യാത്രയും യാത്രക്കിടയിലെ അപകട സാധ്യതകളുമൊക്കെ ചര്‍ച്ചയായത്. വാല്‍പ്പാറ ചുരം റോഡിലൂടെ അതീവ ശ്രദ്ധയോടെ വാഹനമോടിക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു ഈ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും അടിസ്ഥാനം. സമാന രീതിയില്‍ കണ്ണിമ ചിമ്മാതെ അങ്ങേയറ്റം ശ്രദ്ധയോടെ വാഹനമോടിക്കേണ്ടുന്ന മറ്റൊരു പാതയാണ് തമിഴ്നാട് തേനി ജില്ലയുടെ ഭാഗമായ ബോഡിമെട്ട് ബോഡിനായ്ക്കന്നൂര്‍ റോഡ്.
ഇടുക്കിയുടെ അതിര്‍ത്തി മേഖലയായ ബോഡിമെട്ടിനേയും ബോഡിനായ്ക്കന്നൂരിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ദിവസവും മൂന്നാറില്‍ നിന്നടക്കം നൂറുകണക്കിനാളുകള്‍ ബോഡിനായ്ക്കന്നൂരിലേക്കും തിരികെയും യാത്ര ചെയ്യുന്ന പാത. കാഴ്ച്ചയുടെ ധാരാളിത്തമൊരുക്കുന്ന ഇടം കൂടിയാണ് ഈ പാത.ഇവിടെ നിന്നുള്ള ബോഡി നായ്ക്കന്നൂര്‍ പട്ടണത്തിന്റെയും മറ്റ് തമിഴ്നാടന്‍ ഗ്രാമങ്ങളുടെയും ദൂര കാഴ്ച്ച വളരെ മനോഹരമാണ്.
17 ഹെയര്‍പിന്‍ വളവുകളാണ് ബോഡിമെട്ട് ബോഡിനായ്ക്കന്നൂര്‍ റോഡിന്റെ പ്രത്യേകത. മലയിടുക്കിലൂടെ വളഞ്ഞ് തിരിഞ്ഞ് ദൂരേക്ക് പോകുന്ന റോഡിന്റെ കാഴ്ച്ചയും മനോഹരം തന്നെ. എന്നാല്‍ വാല്‍പ്പാറ ചുരം റോഡ് പോലെ തന്നെ ശ്രദ്ധ കൈവിടാതെ വേണം ബോഡിമെട്ടില്‍ നിന്നും ബോഡിനായ്ക്കന്നൂരിലേക്കുള്ള ചുരമിറങ്ങുവാന്‍. തുടരെ തുടരെയുള്ള വളവുകള്ക്കൊപ്പം വീതി കുറവും റോഡിന്റെ പലഭാഗത്തുമുണ്ട്. ചുരം കയറി വരുന്ന ഭാരവാഹനങ്ങളും തമിഴ്നാട്, കേരള ബസുകളുമൊക്കെ ധാരാളം ഉണ്ടാകും ഈ റോഡില്‍. റോഡിന്റെ ഒരു ഭാഗത്ത് വലിയ പാറക്കെട്ടെങ്കില് മറു ഭാഗത്ത് കീഴ്ക്കാംതൂക്കായ കൊക്കയാണ്.
വാല്‍പ്പാറ ദുരന്തമെന്നപോലെ വാഹനങ്ങള്‍ കൊക്കയിലേക്ക് പതിച്ചുള്ള അപകടങ്ങള്‍ ബോഡിമെട്ട് ബോഡിനായ്ക്കന്നൂര്‍ റോഡിലും സംഭവിച്ചിട്ടുണ്ട്. അണുവിട ശ്രദ്ധതെറ്റാതെ വളരെ വേഗത കുറച്ച് വേണം ഇതുവഴി വാഹനമോടിക്കാന്‍. ഹെയര്‍പിന്‍ വളവുകളുടെ വീതി വര്‍ധിപ്പിക്കുകയും സുരക്ഷാ വേലികള്‍ സ്ഥാപിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇനിയും സുരക്ഷയൊരുക്കേണ്ടുന്ന ഇടങ്ങള്‍ ഈ പാതയുടെ പലയിടത്തുമുണ്ട്.അതീവ ശ്രദ്ധയോടെ വാഹനമോടിച്ച് ചുരമിറങ്ങിയാല്‍ എത്തുന്നത് കാര്‍ഷിക പെരുമ തിങ്ങിയ തമിഴ്നാടന്‍ ഗ്രാമങ്ങളിലേക്കാണ്.



