മണിയാശാൻ്റെ ഡ്രൈവറാ, സിപിഎമ്മിൻ്റെ ഗുണ്ടയാ’; ഇടുക്കി ആനച്ചാലില്‍ ട്രെക്കിങ് ജീപ്പ് ഡ്രൈവര്‍ക്ക് മര്‍ദനം

മൂന്നാര്‍: ഇടുക്കി ആനച്ചാലില്‍ ട്രെക്കിങ് ജീപ്പ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതായി പരാതി. മുന്‍മന്ത്രി എം.എം മണിയുടെ ഡ്രൈവറാണെന്ന് പറഞ്ഞയാളാണ് മര്‍ദിച്ചതെന്ന് പരാതിക്കാരന്‍. മണിയാശാന്റെ ഡ്രൈവറാണ്, സിപിഎം ഗുണ്ടയാണ് എന്ന് പറഞ്ഞായിരുന്നു മര്‍ദനം. പരിക്കേറ്റ ജീപ്പ് ഡ്രൈവര്‍ ആന്റണി ലോറന്‍സ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി.
തന്റെ ജീപ്പിലുണ്ടായിരുന്ന ഗസ്റ്റുകളെ രാത്രി ഭക്ഷണം കഴിക്കാന്‍ ആനച്ചാലിലെ റസ്റ്ററന്റില്‍ കൊണ്ടുപോയതായിരുന്നെന്ന് ആന്റണി ലോറന്‍സ് പറഞ്ഞു. ‘ഗസ്റ്റിനെ ഇറക്കി ഡീസലടിച്ച് വന്നപ്പോള്‍ നാളത്തേക്ക് തൂവാനം വെള്ളച്ചാട്ടം കാണാന്‍ പോയാലോ എന്ന് അവര്‍ ചോദിച്ചു. തൂവാനം പോകാന്‍ പാടാണെന്നും വേറെതെങ്കിലും വെള്ളച്ചാട്ടം കാണിക്കാമെന്നും പറഞ്ഞു. ബ്രൗഷര്‍ എടുത്ത് ഗസ്റ്റിനെ കാണിച്ചപ്പോഴേക്കും അവിടുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ വന്ന് ഈ പരിപാടി ഇവിടെ നടക്കില്ലാ എന്ന് പറഞ്ഞു. വണ്ടി ഇവിടെ ഇട്ട് ഗസ്റ്റിനെ പിടിക്കാന്‍ പറ്റില്ലായെന്ന് പറഞ്ഞു. ഇത് എന്റെ ഗസ്റ്റ് തന്നെയാണെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല. പിന്നെ തെറി പറഞ്ഞ് വഴക്കുണ്ടാക്കി. കഴുത്തിലൊക്കെ അടിച്ചു. മണിയാശാന്റെ ഡ്രൈവറാ…. സിപിഎമ്മിന്റെ ഗുണ്ടയാ എന്നൊക്കെ പറഞ്ഞു. പേനാക്കത്തി എടുത്ത് കഴുത്തില്‍ വെച്ചു. ഗസ്റ്റ് പിന്നീട് ചോദിച്ചത് നിങ്ങള്‍ പോലും ഇവിടെ സേഫ് അല്ലെങ്കില്‍ ഞങ്ങള്‍ എങ്ങനെ താമസിക്കും എന്നാണ്’ -ആന്റണി ലോറന്‍സ് പറഞ്ഞു.



