മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിന്നും ഒടുവിൽ മോചനം: അളകമ്മയ്ക്ക് മനുഷ്യാവകാശ സംഘടന വീട് നിര്‍മ്മിച്ചു നല്‍കി.

മൂന്നാർ : മൂന്നാര്‍ ഗ്രാമപഞ്ചായത്തിനു കീഴില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി ശുചികരണ ജോലി ചെയ്തു വരികയായിരുന്നു അളകമ്മ. ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്നത് ഏതു സമയത്തും നിലംപൊത്താവുന്ന കൂരയിലായിരുന്നു. സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടന അളകമ്മയുടെ ദുരിതാവസ്ഥ അറിഞ്ഞ് വീട് നിര്‍മ്മിക്കുവാന്‍ സന്നദ്ധമായതോടെയാണ് അളകമ്മയുടെ അടച്ചുറപ്പുള്ളൊരു വീട് എന്ന സ്വപ്‌നം സഫലമായത്. പണി പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ ദാനം സംഘടന പ്രസിഡന്റ് ജോസഫ് ഡിസില്‍വാ അളകമ്മയ്ക്ക് കൈമാറി. ദേശീയ പ്രസിഡന്റ് അഡ്വ.സി.എ ജോജോ റിബണ്‍ മുറിച്ച് വീടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയകുമാര്‍ ദീപം തെളിച്ചു. കഴിഞ്ഞ ഏപ്രിലാണ് വീട് നിര്‍മ്മാണത്തിന്റെ തറക്കല്ല് ഇട്ടത്. ഒരാള്‍ പൊക്കം മാത്രമുള്ള ഷീറ്റുകൊണ്ടു മറച്ച ഒരു ഷെഡിലാണ് അളകമ്മ വർഷങ്ങളായി താമസിച്ചു വന്നിരുന്നത്. പഞ്ചായത്തില്‍ വീടിനായി അപേക്ഷ നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. 2024 സെപ്റ്റംബര്‍ 25 ന് ജോലി സമയത്ത് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം ഉണ്ടായി.
നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ മാലിന്യം വേര്‍തിരിക്കന്നതിനിടയിലായിരുന്നു കാട്ടാന അളകമ്മയെ ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റ് കാലില്‍ ഗുരുതര പരിക്ക് പറ്റി. അളകമ്മയുടെ സാഹചര്യം മനസ്സിലാക്കിയാണ് സംഘടന വീട് നിർമ്മിച്ചു നൽകിയത്.



