KeralaLatest NewsLocal news

നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗങ്ങളില്‍ റോഡ് നിര്‍മ്മാണം നിലച്ചിട്ട് വര്‍ഷം ഒന്ന്…

അടിമാലി : കൊച്ചി – ധനുഷ്‌കോടി ദേശീയപാത നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗങ്ങളില്‍ റോഡ് നിര്‍മ്മാണം നിലച്ചിട്ട് ഒരു വര്‍ഷം തികയുന്നു. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടത് മൂലം ഇതു വഴിയുള്ള യാത്ര അപകട സാധ്യത വർദ്ധിപ്പിക്കുന്നു. റോഡിന്റെ വശങ്ങളിലായി മൺതിട്ടകളിൽ നില്‍ക്കുന്ന വന്‍മരങ്ങള്‍ ഏത് നിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്. കാലവര്‍ഷമാരംഭിച്ചതോടെ ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നു. ദിവസേന ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളാണ് ഈ മേഖലയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ നിര്‍മ്മാണ ജോലികള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു റോഡിനെ ആശ്രയിക്കുന്ന വാഹന യാത്രകർ. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പലയിടങ്ങളിലും എടുത്ത വലിയ കുഴികള്‍ മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. റോഡിന്റെ വശങ്ങൾ കാടുകയറിയതിനാൽ
ആഴമേറിയ കുഴികള്‍ യാത്രക്കാരുടെ കണ്ണില്‍ പെടാറില്ല. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പാതയിലെ മണ്ണിടിച്ചില്‍ ഭീഷണി ഇരട്ടിയായിരിക്കുകയാണ്.

മുന്‍പും ശക്തമായ മഴയില്‍ മരം വീണും മണ്ണിടിഞ്ഞും ഈ പാതയില്‍ വന്‍ അപകടങ്ങളും ഗതാഗത തടസ്സങ്ങളും ഉണ്ടായിട്ടുണ്ട്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി വലിയ തോതില്‍ മണ്ണുമാറ്റിയ ഭാഗങ്ങളില്‍, റോഡിനോട് ചേര്‍ന്നുള്ള മൺ തിട്ടകളിൽ നില്‍ക്കുന്ന വന്‍മരങ്ങള്‍ ഏത് നിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്. കനത്ത മഴ പെയ്താല്‍ ഈ മരങ്ങള്‍ റോഡിലേക്ക് പതിക്കുമെന്നത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

മഴക്കാലം പൂര്‍ണ്ണമായി കനക്കുന്നതിന് മുന്‍പ് തന്നെ അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റാനും, കുഴികള്‍ അടയ്ക്കാനും അധികൃതര്‍ തയ്യാറാകണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം മഴക്കാലത്ത് വലിയ ദുരന്തങ്ങള്‍ക്കായിരിക്കും സാക്ഷ്യം വഹിക്കേണ്ടി വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!